ആലുവ
ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിന് അര്‍ഹമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നാറ്റ് ടെസ്റ്റിന് മൂന്നുകോടി രൂപ അനുവദിക്കും. രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാൻ ഈ ടെസ്റ്റ് സഹായകമാകുമെന്നും ജില്ലാ ആശുപത്രിയില്‍ നിർമിച്ച ജെറിയാട്രിക് വാര്‍ഡ് ഉദ്ഘാടനംചെയ്ത് മന്ത്രി പറഞ്ഞു.
കൂടുതല്‍ ജീവനക്കാരെ ജില്ലാ ആശുപത്രിയിൽ നിയമിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആയുഷ് പദ്ധതിയിൽപ്പെടുത്തി ആലുവ മുനിസിപ്പാലിറ്റിയിൽ ഹോമിയോ ഡിസ്‌പെൻസറി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും ഉതകുന്ന രീതിയില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളോടെയാണ് ജെറിയാട്രിക് വാര്‍ഡ് നിര്‍മിച്ചത്. 95 ലക്ഷം രൂപ ചെലവില്‍ കെട്ടിടവും 68 ലക്ഷം രൂപ ചെലവില്‍ ഉപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹിം, എം ജെ ജോമി, ശാരദ മോഹന്‍, കെ വി രവീന്ദ്രന്‍, ഷൈനി ജോര്‍ജ്, എ എസ് അനില്‍കുമാര്‍, മനോജ് മൂത്തേടൻ, ഡോ. കെ കെ ആശ, ഡോ. സി രോഹിണി തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..