പറവൂർ
കാർ പുഴയിലേക്കു മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾ മാപ്പിനുണ്ടായ പിശകുമൂലമല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായർ പുലർച്ചെ 12.30നാണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്കുകീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ അദ്വൈത് (28) എന്നിവര്‍ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ കടൽവാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പം കാറിലുണ്ടായ മൂന്നുപേർ രക്ഷപ്പെട്ടു.
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, പുഴ എത്തുന്നതിനുമുമ്പ് ഹോളിക്രോസ് എൽപി സ്കൂളിനുസമീപത്തുനിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ടുപോയാൽ റോഡ് അവസാനിക്കുകയാണെന്ന് വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു. കടൽവാതുരുത്ത് കവലയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലേ പുഴയുടെ സമീപമെത്താനാകൂ. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി കാണാതെപോയത് അപകടത്തിന് കാരണമായി എന്നാണ് പൊലീസിന്റെ നിഗമനം.
ദുരന്തത്തിന് കാരണമായത് വി ഡി സതീശന്റെ
വികസനവിരുദ്ധനിലപാട്: ഡിവൈഎഫ്ഐ
പെരിയാറിന്റെ കൈവഴിയായ കടൽവാതുരുത്ത് പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടരുന്ന വികസനവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ഡിവൈഎഫ്ഐ. വള്ളംകളി നടക്കുന്ന പുഴയിൽ കരിങ്കൽ ചിറ കെട്ടുന്നതിന് ഇറിഗേഷൻവകുപ്പിന്റെ അനുമതി ഉണ്ടായിട്ടും ഇക്കാര്യം നടത്തിയെടുക്കുന്നതിന് സതീശൻ മുൻകൈ എടുക്കുന്നില്ല. ഇതിനുമുമ്പ് ഒരു ഓട്ടോയും ഒരു ബൈക്ക് യാത്രികനും സമാനരീതിയിൽ ഇവിടെ പുഴയിലേക്ക് വീണിട്ടുണ്ട്. ഇതിനെ തുടർന്ന് ഇവിടെ റോഡ് അവസാനിക്കുന്നു എന്ന സൂചനാബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി കോൺട്രാക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ചിലർ തടസ്സം ഉയർത്തിയതോടെ നടക്കാതെ പോയി. അപകടസാധ്യത ഏറിയ ഇവിടെ സ്ഥിരം സുരക്ഷാസംവിധാനം ഒരുക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം പാഴ്‌വാക്കായെന്നും ഇതിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം തുടങ്ങുമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് പറഞ്ഞു. പിഡബ്ല്യുഡി സ്ഥാപിച്ച സൂചനാബോർഡ് എടുത്തുമാറ്റിയവർക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ബി എ സന്ദീപ്, പഞ്ചായത്ത് അംഗം കെ ടി ഗ്ലിറ്റർ, ആൽഡ്രിൽ കെ ജോബോയ് എന്നിവർ സംസാരിച്ചു. അപകടത്തിൽ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്കുകീഴിലെ ഡോക്ടർമാരായ അജ്മൽ ആസിഫ്, അദ്വൈത് എന്നിവർ മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..