കോലഞ്ചേരി
കടയിരുപ്പിനുസമീപം എഴിപ്രം മേപ്പുറത്ത് പീറ്ററിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അയൽവാസി മാന്താനത്തിൽ അനൂപിനെയാണ് ഇയാൾ താമസിച്ചിരുന്ന വീട്ടിലും വെട്ടാനുപയോഗിച്ച കത്തിവാങ്ങിയ പട്ടിമറ്റത്തെ ഹാർഡ്‌വെയർ ഷോപ്പിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പുത്തൻകുരിശ് എസ്എച്ച്ഒ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് തെളിവെടുപ്പിനെത്തിയത്. വെട്ടാനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് ശേഖരിച്ചു. ഞായർ പകൽ മൂന്നോടെ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് പ്രതി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർ നാലുപേരും കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പീറ്ററിന്റെ അയൽവാസിയായ അനൂപ് വീടിന്റെ ജനാലയിൽ ഘടിപ്പിച്ചിരിക്കുന്ന എയർഹോൺ മുഴക്കാറുണ്ടെന്നും നിരന്തരമായുള്ള ശല്യം ചോദ്യംചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പീറ്ററും കുടുംബവും പറയുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..