18 April Thursday

സൂപ്പർമാർക്കറ്റ്‌ ഫ്രാഞ്ചൈസി തട്ടിപ്പ്‌: 
ഡെലിവറി കമ്പനിയും തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കൊച്ചി
അൻവി ഫ്രഷ്‌ നോൺവെജ്‌ സൂപ്പർമാർക്കറ്റ്‌ ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപകരിൽനിന്ന്‌ 18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി സെൻട്രൽ പൊലീസ്‌. അൻവി ഗോ എന്ന പേരിൽ ഡെലിവറി സർവീസ്‌ കമ്പനി ആരംഭിച്ച്‌ നിരവധിപേരിൽനിന്ന്‌ നിക്ഷേപം സ്വീകരിക്കാൻ ശ്രമിച്ചതായും പൊലീസ്‌ കണ്ടെത്തി.

ഫെയ്‌സ്‌ബുക്കിൽ പരസ്യം നൽകിയാണ്‌ തട്ടിപ്പിന്‌ ശ്രമിച്ചത്‌. ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചുനൽകുമെന്ന്‌ അറിയിച്ചായിരുന്നു പരസ്യം. എന്നാൽ, ഇതിൽ പണം നിക്ഷേപിച്ച്‌ തട്ടിപ്പിന്‌ ഇരയായതായി പരാതികൾ ലഭിച്ചിട്ടില്ല. നിരവധിപേർ ഇതിലും പണം നിക്ഷേപിച്ചതായി സൂചനയുണ്ട്‌. ഇതിനെക്കുറിച്ച്‌ പൊലീസ്‌ വിശദ അന്വേഷണം ആരംഭിച്ചു.

ഒളിവിലുള്ള അൻവി സൂപ്പർ മാർക്കറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴി കാവിൻപുറം വി എസ്‌ നിവാസിൽ വി എസ്‌ വിപിനായി (38) ഊർജിത അന്വേഷണം നടക്കുന്നുണ്ട്‌. ഇയാളുടെ മൊബൈൽ ഫോൺ ഓഫാണ്‌. ഇയാൾ കുറച്ചുനാൾമുമ്പ്‌ ഫെയ്‌സ്‌ബുക് ലൈവിൽ നിരപരാധിയാണെന്ന്‌ പറയുന്ന വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

ലക്ഷങ്ങൾ വാങ്ങിയശേഷം വഞ്ചിച്ചതായി ലഭിച്ച മുപ്പതോളം പരാതികളിൽ ശനിയാഴ്‌ചയാണ്‌ പൊലീസ്‌ കേസെടുത്തത്‌. മീൻ, കോഴി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവ വിൽക്കുന്ന സൂപ്പർമാർക്കറ്റ്‌ ആരംഭിക്കാൻ  സമൂഹമാധ്യമങ്ങളിലൂടെയാണ്‌ കമ്പനി പരസ്യം നൽകിയത്‌. ഫ്രാഞ്ചൈസിക്ക്‌ എത്തിയവരിൽനിന്ന്‌ 10 മുതൽ 15 ലക്ഷം രൂപവരെ വാങ്ങി. പണം മുടക്കിയാൽ സൂപ്പർമാർക്കറ്റ്‌ ലൈസൻസ്‌ എടുക്കുന്നത്‌ ഉൾപ്പെടെ കമ്പനി ചെയ്യുമെന്നാണ്‌ ധരിപ്പിച്ചിരുന്നത്‌. ആഴ്‌ചതോറും നിശ്‌ചിത തുകയും 400 ദിവസം കഴിഞ്ഞാൽ ലാഭത്തിന്റെ നേർപകുതിയും വാഗ്‌ദാനമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top