19 April Friday

‘മോദിയെ മുന്നിൽ കൊണ്ടുവരൂ, 
ഞങ്ങൾക്ക് ചോദിക്കണം’ ; തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ച് ബൃന്ദ കാരാട്ട്

ശരത്‌ കൽപ്പാത്തിUpdated: Monday Jul 4, 2022

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെ തൊഴിലാളികൾ സ്വീകരിക്കുന്നു



പാലക്കാട്‌
‘അതിരാവിലെ ജോലിസ്ഥലത്തെത്തി ഫോട്ടോയെടുത്ത് അത്‌ മൊബൈൽ ആപ്പുവഴി അപ്‌ലോഡ് ചെയ്യണം. സമയത്ത്‌ എത്തിയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടും. മോദിയെ മുന്നിൽ നിർത്തിത്തരൂ. ഞങ്ങൾക്ക് ചോദിക്കണം, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന്’–- അട്ടപ്പാടി ഷോളയൂർ വട്ടലക്കിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനോട് പറഞ്ഞു. കാട്ടുവഴി താണ്ടി തൊഴിൽ മേഖലയിലെ പ്രശ്നം പഠിക്കാനെത്തിയ ബൃന്ദ കാരാട്ട് തൊഴിലാളികളോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കേന്ദ്രസർക്കാരുമായി വിഷയം ചർച്ചചെയ്യുമെന്ന്‌ തൊഴിലാളികൾക്ക്‌ ഉറപ്പുനൽകി.

അരികുഭിത്തി നിർമാണത്തിന് കല്ലുകൾ സമീപത്തെ തോട്ടിൽനിന്ന്‌ പൊട്ടിച്ചാണ് തൊഴിലാളികൾ നിർമാണ സ്ഥലത്തെത്തിക്കുന്നത്. കായികാധ്വാനം കൂടുതലുള്ള ഈ ജോലി സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾക്ക് ചെയ്യാവുന്നതിലധികം അധ്വാനിക്കുന്നുണ്ടെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ഭിത്തി നിർമാണ മേൽനോട്ടത്തിന് മേസനായി പ്രവർത്തിക്കുന്ന പൊന്നിയെ ബൃന്ദ അഭിനന്ദിച്ചു. ചിണ്ടക്കിയിൽ കഴിഞ്ഞ സാമ്പത്തികവർഷം മൂന്ന് കുടുംബമാണ്‌ 200 ദിനം പൂർത്തിയാക്കിയത്. മറ്റുള്ളവർക്ക് 70 മുതൽ 100 വരെ തൊഴിൽദിനങ്ങളെ ലഭിച്ചുള്ളൂ. അട്ടപ്പാടിയിലെ ഷോളയൂർ, അഗളി പഞ്ചായത്തുകളിലെ വട്ടലക്കി ചിണ്ടക്കി ഊരുകളിലെ തൊഴിലാളികളെ അവരുടെ തൊഴിലിടത്തിൽ എത്തിയാണ് ബൃന്ദ കാരാട്ട് കണ്ടത്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി സിപിഐ എം ഏരിയ സെക്രട്ടറി സി പി ബാബു തുടങ്ങിയവർ ഒപ്പമുണ്ടായി.

രാജ്യത്ത് തൊഴിലുറപ്പ് തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കണമെന്നതിന് കേരളം മാതൃകയാണെന്ന് ബൃന്ദ കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു. ആദിവാസി വിഭാഗത്തിനുൾപ്പെടെ തൊഴിൽദിനങ്ങളും കൂലിയും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നു. റെക്കോഡ് തൊഴിൽദിനമാണ് കേരളത്തിൽ നൽകുന്നത്‌. തൊഴിലാളികളുടെ ഹാജർനിലയുമായി ബന്ധപ്പെട്ട പ്രശ്നം വലുതാണ്. അതിരാവിലെ തൊഴിലിടത്തിൽ ഹാജരായി ഫോട്ടോയെടുക്കുന്ന പരിപാടി വനിതാ തൊഴിലാളികളോടുള്ള ക്രൂരതയാണ്’–-ബൃന്ദ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top