28 March Thursday

കൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി; നിയമലംഘകർക്കെതിരെ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

കൊച്ചി > രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. നഗരത്തിലെ കലൂർ, എംജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മാസ്‌ക് ധരിക്കാത്ത നിരവധി പേരെ താക്കീത് ചെയ്ത് വിട്ടു. നിയമലംഘനം തുടർന്നാൽ കേസെടുക്കുക അടക്കം കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.

ശനിയാഴ്ച ചമ്പക്കര മാർക്കറ്റിൽ പൊലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. മാസ്ക്‌ ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും നിരവധി പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭ സെക്രട്ടറിയുടെയും ഡിസിപി ജി പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ മാർക്കറ്റ് അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. ഇവിടെ പ്രവർത്തിക്കുന്ന മൊത്തക്കച്ചവടക്കാർ അതത് കോർപറേഷനുകളിൽ നിന്ന്‌ പാസ് വാങ്ങണം. പാസിന് സമയ നിയന്ത്രണമുണ്ടാകും. മാർക്കറ്റിന്റെ എൻട്രി, എക്‌സിറ്റ് പോയിന്റുകളിൽ പൊലീസ് പരിശോധനയുണ്ടാവും.

നഗരത്തിൽ നിയന്ത്രണം

കോവിഡ് ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി നഗരസഭ സുരക്ഷാക്രമീകരണങ്ങൾ  ശക്തമാക്കിയതായി മേയർ സൗമിനി ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരക്ക് ഒഴിവാക്കുന്നതിന്  ജനസേവനകേന്ദ്രം എറണാകുളം ലോ കോളേജിനുസമീപത്തെ 'യാത്രാ' ഓഡിറ്റോറിയത്തിലേക്ക് തിങ്കളാഴ്ചമുതൽ മാറ്റിസ്ഥാപിക്കും. നഗരസഭാ ആസ്ഥാനത്തും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയവർ സന്ദർശകരെ സ്വീകരിക്കില്ല. പരാതികൾക്ക് ഫോൺവഴി പരിഹാരം തേടാൻ ശ്രമിക്കണം. നികുതി പിരിക്കുന്നതിനുള്ള ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കാൻ ബിൽ കലക്ടർമാർക്കും നിർദേശം നൽകി.

കടകൾ, മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൂട്ടംകൂടരുത്. രണ്ടാഴ്ചത്തേക്ക്  സമരപരിപാടികൾ ഒഴിവാക്കണം. മുതിർന്ന പൗരരും കുട്ടികളും വീട്ടിൽത്തന്നെ കഴിയണം. ബന്ധുഗൃഹസന്ദർശനങ്ങൾ ഒഴിവാക്കുക, വിവാഹം, മരണം, മരണാനന്തരചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണം. ബ്രോഡ്വേ, പള്ളുരുത്തി മാർക്കറ്റുകൾ അടച്ചതോടെ തിരക്കേറിയ  തോപ്പുംപടി മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഹെൽത്ത് ഓഫീസർമാരെ നിയോഗിക്കും.

കലൂർ എജെ ഹാൾ, മട്ടാഞ്ചേരി ടൗൺ ഹാൾ എന്നിവിടങ്ങൾ ഉൾപ്പെടെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങൾകൂടി സജ്ജമാക്കും. ഇതിനുപുറമെ ഓരോ ഡിവിഷനിലും ഒരു ക്വാറന്റൈൻ കേന്ദ്രംവീതം കണ്ടെത്തിയതായും മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top