19 April Friday

യുഡിഎഫ്‌ -‐തീവ്രവാദ കൂട്ടുകെട്ട്‌ : ഹൈക്കമാൻഡ്‌ നിലപാട്‌ വ്യക്തമാക്കണം: -കോടിയേരി

പ്രത്യേക ലേഖകൻUpdated: Saturday Jul 4, 2020


തിരുവനന്തപുരം
മുസ്ലിം തീവ്രവാദ സംഘടനകളുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കാനുള്ള യുഡിഎഫ്‌ തീരുമാനത്തിൽ കോൺഗ്രസ്‌ ദേശീയ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെയാണ്‌ മുസ്ലിംലീഗ്‌–-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനൊരുങ്ങുന്നത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ മുസ്ലിം തീവ്രവാദശക്തികൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കുന്ന മുന്നണിയായി യുഡിഎഫ്‌ മാറും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിനുശേഷം വീഡിയോ കോൺഫറൻസ്‌ വഴി നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

കോൺഗ്രസിന്റെയും ലീഗിന്റെയും വർഗീയ കൂട്ടുകെട്ടിനെ തുറന്നെതിർക്കാൻ മതനിരപേക്ഷ ശക്തികൾ മുന്നോട്ടുവരണം. ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച പാർടിയാണ്‌ വെൽഫെയർ പാർടി. മുസ്ലിം മതരാഷ്‌ട്രം വേണമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ്‌ അവർ. മുസ്ലിം വിഭാഗത്തിൽ ആർഎസ്‌എസിനെപ്പോലെ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌ഡിപിഐ. ഇത്തരം കൂട്ടുകെട്ടിനെതിരെ മുസ്ലിം വിഭാഗത്തിലെ തന്നെ പല സംഘടനയും മുന്നോട്ടുവരുന്നത്‌ സ്വാഗതാർഹമാണ്‌. ‘സുപ്രഭാതം’ പത്രത്തിൽ സമസ്‌ത ഈ ബാന്ധവത്തെ തുറന്നെതിർത്തു. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാടാണ്‌ 2010 വരെ ലീഗിനുണ്ടായിരുന്നത്‌.

എസ്‌ഡിപിഐയുമായി കൂട്ടുകെട്ടിനേ ഇല്ലെന്നാണ്‌ എം കെ മുനീർ പറഞ്ഞിരുന്നതും. എന്നാൽ, ഇപ്പോൾ നിലപാടിൽ വെള്ളം ചേർത്തു‌ . ഇന്ത്യയിലെ വ്യവസ്ഥ അനിസ്ലാമികമെന്നു പറഞ്ഞ ജമാഅത്തിനൊപ്പം കൂടാൻ കോൺഗ്രസിന്‌ എങ്ങനെ സാധിക്കുന്നുവെന്ന്‌ മനസ്സിലാകുന്നില്ല. രാഹുൽ ഗാന്ധിയും എ കെ ആന്റണിയും കെ സി വേണുഗോപാലും കേരളത്തിലെ കോൺഗ്രസിന്റെ ഭാഗമാണ്‌. ഇവരുടെ അറിവില്ലാതെ ഇങ്ങനെയൊരു കൂട്ടുകെട്ട്‌ ഉണ്ടാകില്ല. അതുകൊണ്ട്‌ ഹൈക്കമാൻഡ്‌ നിലപാട്‌ വ്യക്തമാക്കണം.

ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപി ഹിന്ദുത്വ ധ്രുവീകരണം ശക്തമാക്കുകയാണ്‌. രണ്ട്‌ വർഗീയശക്തികൾ തമ്മിലുള്ള ധ്രുവീകരണത്തിലേക്ക്‌ കേരള രാഷ്‌ട്രീയത്തെ കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നത്‌. വർഗീയ തീവ്രവാദ കൂട്ടുകെട്ടുകൾക്കെതിരെ ജനാധിപത്യശക്തികളെ ഏകോപിപ്പിക്കേണ്ട കാലഘട്ടമാണിത്‌.തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം മുന്നണികളെ തോൽപ്പിക്കുന്നതാകണം ജനവിധി. എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്ന മതനിരപേക്ഷ കാഴ്‌ചപ്പാടിനെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടതെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top