19 April Friday

‘ജമാഅത്തെ ഇസ്ലാമി കൂട്ട്‌ ലീഗിന്‌ തിരിച്ചടിയാകും’ ; മുന്നറിയിപ്പുമായി എസ്‌വൈഎസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മലപ്പുറം
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാനുള്ള മുസ്ലിംലീഗ്‌ നീക്കത്തിനെതിരെ രൂക്ഷവിമർശവുമായി സമസ്‌തയ്‌ക്കുപിന്നാലെ യുവജനവിഭാഗമായ സുന്നി യുവജനസംഘവും (എസ്‌വൈഎസ്‌)‌. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുമായി ചേരുന്നത്‌ ലീഗിന്‌ വലിയ തിരിച്ചടിയാകുമെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി തുറന്നടിച്ചു.

‘‘പൊതുസമൂഹത്തിൽ ഒറ്റപ്പെട്ട ജമാഅത്തെ ഇസ്ലാമിയും അതുപോലുള്ള തീവ്രവാദ സംഘടനകളും സ്‌പേസ്‌ കണ്ടെത്താനാണ്‌ ശ്രമിക്കുന്നത്‌‌. അവരുമായി ഏത്‌ രാഷ്‌ട്രീയപാർടി സഖ്യമുണ്ടാക്കിയാലും ലാഭമുണ്ടാകില്ല. ജമാഅത്തിന്റെ പ്രഖ്യാപിത നിലപാട്‌ മതരാഷ്‌ട്രവാദമാണ്‌. ജനാധിപത്യവിരുദ്ധവുമാണത്‌. മൗദൂദിയുടെ മതരാഷ്‌ട്രവാദത്തോടും ജിഹാദിയൻ സിദ്ധാന്തത്തോടും യോജിക്കുന്നിടത്തോളം വെൽഫെയർ പാർടിയുടെ മതേരതര നിലപാട്‌ കാപട്യമാണ്‌. അവരുമായി സഖ്യമുണ്ടാക്കുന്നവർക്ക്‌ മതേതര വോട്ട്‌ നഷ്ടമാകും. ഇത്തരം സംഘടനകളുമായി ലീഗ്‌ സഖ്യമുണ്ടാക്കുന്നത്‌ ആത്മഹത്യാപരമാണ്‌.  ജമാഅത്ത്‌ പോലുള്ള സംഘടനകളെ അകറ്റിനിർത്തുകയാണ്‌ ജനാധിപത്യ–-മതേതര നിലപാടുകൾ സ്വീകരിക്കുന്ന സംഘടനകൾ ചെയ്യേണ്ടത്’’ ‌–-അദ്ദേഹം ഒരു സ്വകാര്യചാനലിനോട്‌ പറഞ്ഞു.  

ലീഗിന്റെ തീവ്രവാദ കൂട്ടുകെട്ടിനെതിരെ കടുത്ത എതിർപ്പുമായി നേരത്തെ സമസ്‌തയും രംഗത്തുവന്നിരുന്നു. സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) മുഖപത്രമായ സുപ്രഭാതത്തിലെ ലേഖനത്തിലായിരുന്നു  രൂക്ഷവിമർശം. ജമാഅത്തിന്റെ ചട്ടുകമാണ്‌ വെൽഫെയർ പാർടിയെന്നും  അവരുമായുള്ള സഖ്യം സ്വയം കുളംതോണ്ടലാകുമെന്നും സമസ്‌ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top