27 April Saturday

അർബുദ നിർണയത്തിന് നിർമിതബുദ്ധി : 
സിസിആർസി കുസാറ്റുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


കളമശേരി
കൊച്ചി സർവകലാശാലയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ മേഖലയിലെ ഗവേഷണഫലങ്ങൾ അർബുദ നിർണയത്തിന് ഉപയോഗിക്കാൻ നീക്കമുണ്ടെന്ന് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു. ഇതുസംബന്ധിച്ച് കുസാറ്റുമായി പ്രാരംഭചർച്ചകൾ നടത്തി.

അർബുദചികിത്സയിൽ നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്നതോടെ വലിയ മുന്നേറ്റമുണ്ടാകുമെന്നും ഡോ. പി ജി ബാല​ഗോപാല്‍ പറഞ്ഞു. അർബുദ കോശങ്ങളെ തിരിച്ചറിയുന്ന പരിശോധനാസംവിധാനങ്ങൾ ഉള്‍പ്പെടെ ലഭ്യമാണ്. സൂക്ഷ്മാംശംപോലും വിലയിരുത്താന്‍ കൃത്രിമബുദ്ധി ഉപയോ​ഗിച്ചുള്ള സംവിധാനങ്ങള്‍ക്ക് കഴിയുന്നതിനാല്‍ രോ​ഗനിര്‍ണയത്തിന് ഏറെ ​ഗുണം ചെയ്യും.

ചികിത്സകൊണ്ട് രോഗം മാറുന്നവരുടെ എണ്ണം, രോഗം മാറിയവരുടെ അതിജീവന നിരക്ക്, രോഗിയായുള്ള അതിജീവനകാലം എന്നിവയിൽ വികസിത രാജ്യങ്ങളുടെ നിലവാരത്തി‌ലാണ് കേരളം. അർബുദബാധയ്ക്കെതിരെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഇമ്യൂണോതെറാപ്പി, അർബുദ വികസനത്തിനും വ്യാപനത്തിനുമെതിരെയുള്ള ടാർജറ്റഡ് തെറാപ്പി എന്നിവയ്ക്ക് വലിയ തുക ആവശ്യമായതിനാല്‍ ഇവിടെ അവ ജനകീയമല്ല. കൊച്ചിൻ ക്യാൻസർ സെന്റര്‍ രോഗത്തിനെതിരെയുള്ള മുൻകരുതൽ, മുൻകൂട്ടി രോഗം നിർണയിക്കല്‍, ചികിത്സയ്ക്കുശേഷമുള്ള പുനരധിവാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇതുസംബന്ധിച്ച പ്രോജക്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ചികിത്സയ്ക്കായി 60 ശതമാനത്തിലേറെപ്പേരും സർക്കാർമേഖലയെയാണ് ആശ്രയിക്കുന്നത്. അർബുദം കണ്ടെത്തിക്കഴിഞ്ഞാൽ മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡ് നിശ്ചയിക്കുന്ന ചികിത്സയാണ് ഫലപ്രദമാകുകയെന്നും അദ്ദേഹം പറഞ്ഞു. അർബുദദിനത്തിന്റെ ഭാ​ഗമായി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച രോഗം ഭേദമായവരുടെ സംഗമവും വിഗ് വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top