25 April Thursday
സംസ്ഥാനം 10 പുതിയ ഓക്‌സിജൻ പ്ലാന്റാണ് 
 വിവിധ ആശുപത്രികളിലായി സ്ഥാപിച്ചുവരുന്നത്

ഓക്‌സിജൻ അധിക സംഭരണം ; ശ്വാസം ഉറപ്പാക്കി സർക്കാർ; അതും കുറ്റമെന്ന്‌ യുഡിഎഫ്‌ പത്രം

സ്വന്തം ലേഖികUpdated: Saturday Dec 3, 2022


തിരുവനന്തപുരം
കോവിഡ്‌ കാലത്ത്‌ ശ്വാസം നിലച്ച്‌ ഒരാളുടെപോലും ജീവൻ നഷ്‌ടപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ അതിവേഗ നടപടി പൂർത്തിയാക്കിയതിനെയും കുറ്റമാക്കി യുഡിഎഫ്‌ പത്രം. സംസ്ഥാനം 10 പുതിയ ഓക്‌സിജൻ പ്ലാന്റാണ് വിവിധ ആശുപത്രികളിലായി  സ്ഥാപിച്ചുവരുന്നത്.   കൽപ്പറ്റ, കൊട്ടാരക്കര, കൊയിലാണ്ടി, കോഴഞ്ചേരി ആശുപത്രികളിൽ പ്ലാന്റുകൾ  സ്ഥാപിച്ചു. ബാക്കിയുള്ളവ ഉടൻ പൂർണസജ്ജമാകും.

ഈ ആശുപത്രികളിലെല്ലാം സെൻട്രൽ ഓക്‌സിജൻ സപ്ലൈ സംവിധാനമുണ്ട്‌. സംസ്ഥാനത്തെ ഒരാശുപത്രിയിലും ഓക്‌സിജന്റെ ലഭ്യതക്കുറവ് ഉണ്ടായിട്ടില്ല. കോവിഡ്‌ വ്യാപനം ശക്തമായിരുന്ന സമയം അധിക ഓക്സിജൻ സംഭരിച്ചും കൂടുതൽ പ്ലാന്റുകൾ സ്ഥാപിച്ചും ഇതര സംസ്ഥാനങ്ങൾക്ക്‌ ഓക്സിജൻ നൽകിയും ലോകശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ്‌ കേരളം.

സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1920.14 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ സംഭരണശേഷിയുണ്ട്. 57 മെട്രിക് ടൺ അധികം സംഭരിക്കാനുള്ള പ്രവൃത്തികളും നടക്കുന്നു. നേരത്തേ വെറും നാല്‌ ഓക്‌സിജൻ ജനറേറ്റർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 60 എണ്ണമാണുള്ളത്‌.

സർക്കാർ മേഖലയിലെ ഓക്‌സിജൻ ലഭ്യത 219.23 മെട്രിക് ടണ്ണിൽനിന്ന്‌ 567.91 മെട്രിക് ടണ്ണായി ഉയർത്തി. 6000 ഡി ടൈപ്പ് ഓക്‌സിജൻ സിലിണ്ടറുകളുടെ എണ്ണം 11,822 ആക്കി ഉയർത്തി. ഇങ്ങനെ ശാസ്ത്രീയമായി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കിയ കേരളത്തിന്‌ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു. സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ഓക്‌സിജൻ ആവശ്യമായ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാൽ, ഓക്‌സിജൻ ലഭ്യതയിൽ മുഴുവൻ ആശുപത്രികളെയും സ്വയംപര്യാപ്തമാക്കാനാണ് ശ്രമമെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്തമാക്കുന്നു. അതിനിടെയാണ്‌ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളുമായി യുഡിഎഫ്‌ പത്രം രംഗത്തുവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top