27 April Saturday

നടക്കാത്ത ‘പിരിച്ചുവിടൽ’ 
സ്വപ്നവുമായി ചിലർ ; വിഴിഞ്ഞത്തെ അട്ടിമറിനീക്കം പൊളിഞ്ഞു

പ്രത്യേക ലേഖകൻUpdated: Saturday Dec 3, 2022


തിരുവനന്തപുരം
ഓരോ വ്യാജസമരവും മാധ്യമങ്ങളുടെ സഹായത്തോടെ കലാപമാക്കി മാറ്റി എൽഡിഎഫ്‌ സർക്കാരിനെ പിരിച്ചുവിടുന്നത്‌ സ്വപ്നം കണ്ടവർ വിഴിഞ്ഞത്തും ശ്രമിച്ചത്‌ അട്ടിമറി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ഒറ്റക്കെട്ടായി പ്രചരിപ്പിക്കുന്നതും വിമോചനസമരവും പിരിച്ചുവിടലുമാണ്‌. കാലമിത്ര മാറിയിട്ടും സ്വന്തം നാട്ടിലെ ജനതയുടെ മനസ്സ്‌ വായിക്കാത്ത പ്രതിപക്ഷത്തിന്റെ ദിവാസ്വപ്നങ്ങൾക്ക്‌ ഗവർണർ ചൂട്ടുപിടിക്കുന്നു.

ഉമ്മൻചാണ്ടി വച്ച കരാർപ്രകാരം പണി തുടങ്ങിയ തുറമുഖമായിട്ടുപോലും പദ്ധതി മുടക്കുന്നതിൽ ആഹ്ലാദിക്കുകയാണ്‌ കെ സുധാകരനും വി ഡി സതീശനും. ഞായറാഴ്‌ച രാത്രി വെടിവയ്പുണ്ടാകുമെന്നും തിങ്കളാഴ്‌ച പുലർച്ചെ വിഴിഞ്ഞം സന്ദർശിക്കേണ്ടിവരുമെന്നും കണക്കുകൂട്ടിയിരുന്ന നേതാക്കൾവരെയുണ്ട്‌ കോൺഗ്രസിലും ബിജെപിയിലും. എന്നാൽ, സംഗതി പ്രതീക്ഷിച്ചതുപോലെ നടന്നില്ല. തുടർന്നാണ്‌ നേതാക്കളുടെ വിലാപഗീതങ്ങൾ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നാണ്‌ വായ്ത്താരി. സമരത്തിന്‌ നേതൃത്വം കൊടുക്കുന്ന വൈദികരടക്കം മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്‌; പദ്ധതി വേണ്ടെന്ന മുദ്രാവാക്യത്തിനാണ്‌.   വിഴിഞ്ഞത്തും മുക്കോലയിലുമടക്കം സംഘർഷമുണ്ടാകാത്തവിധം പൊലീസ്‌ സംവിധാനമായപ്പോൾ പൂന്തുറയിൽ മന്ത്രിമാരുടെ പരിപാടി തടയണമെന്ന്‌ വൈദികന്റെ ശബ്ദരേഖ പുറത്തുവന്നു. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല.

വ്യാഴാഴ്‌ച തിരുവനന്തപുരത്തെത്തിയ ഗവർണർ, ക്രമസമാധാനം പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും സംഭവത്തിൽ കേന്ദ്രത്തിന്‌ റിപ്പോർട്ട്‌ അയക്കുമെന്നും പറഞ്ഞു. ജീവൻ പണയം വച്ച്‌ സമാധാനത്തിനായി നിലകൊണ്ട്‌ വിഴിഞ്ഞത്തെ 40 പൊലീസുകാർ ഏറ്റുവാങ്ങിയ കൊടിയ മർദനത്തെ അപലപിക്കാൻ ഗവർണർ തയ്യാറായില്ല. സതീശനും സുധാകരനും സുരേന്ദ്രനും ഗവർണറും ഒറ്റക്കെട്ടായി വാദിക്കുന്നതും വിഴിഞ്ഞത്ത്‌ വെടിവയ്ക്കാത്തത്‌ എന്തേ എന്നതിലാണ്‌. ഈ മനഃസ്ഥിതിയെയാണ്‌ നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള നീക്കമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top