25 April Thursday

കൊടിമരം നീക്കാൻ സർവകക്ഷിയോഗം 
വിളിക്കുമെന്ന്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


കൊച്ചി
അനധികൃത കൊടിമരങ്ങൾ നീക്കുന്നതിന്‌ സർവകക്ഷിയോഗം വിളിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി.

കമ്പനിക്കുമുന്നിലെ കൊടിമരങ്ങൾ നീക്കണമെന്ന്‌ ആവശ്യപ്പെട്ട് മന്നം ഷുഗർ മിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്.
സർവകക്ഷിയോഗത്തിന്റെ ആവശ്യമില്ലെന്നും നിയമപ്രകാരം ജില്ലാ കലക്ടർക്ക് നടപടിയെടുക്കാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. കൊടിയുടെ നിറം നോക്കിയല്ല ഉത്തരവ് പുറപ്പെടുവിക്കുന്നത്‌. അനധികൃത കൊടിമരങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്‌. പരാതികൾ അധികവും ഡ്രൈവർമാരുടേതാണെന്നും വാഹനം കൊടിമരത്തിൽ തട്ടിയതിന് പണം ഈടാക്കിയെന്ന പരാതി കിട്ടിയെന്നും കോടതി വ്യക്തമാക്കി.  കൊടിമരങ്ങൾ നീക്കുന്നതിന് സ്വീകരിച്ച നടപടി ഈ മാസം ഇരുപതിനകം അറിയിക്കാനും കോടതി ജില്ലാ കലക്ടർമാരോട് നിർദേശിച്ചു. കൊടിമരങ്ങൾ ഇനിയും നീക്കാത്ത സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടിയും പിഴയും കേസുകളും എടുക്കാം.

പ്രശ്‌നപരിഹാരത്തിന് നയപരമായ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യം സർക്കാർ അറിയിക്കണം. നിയമലംഘകർക്ക് നോട്ടീസ് നൽകുമെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചത് കോടതി രേഖപ്പെടുത്തി. വിശദീകരണത്തിന് സർക്കാർ സമയം തേടിയത് അനുവദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top