29 March Friday

സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പാർപ്പിട സമുച്ചയം ജില്ലകളിലേക്ക്‌ ; രണ്ടാംഘട്ട ഭവന സമുച്ചയം ഉദ്ഘാടനം 6ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


തിരുവനന്തപുരം
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ എല്ലാ ജില്ലയിലും പാർപ്പിട സമുച്ചയം നിർമിക്കും. സഹകരണ സംഘങ്ങൾ അംഗങ്ങളുടെ ലാഭവിഹിതത്തിൽനിന്ന്‌ സമാഹരിച്ച 55.83 കോടി രൂപ ഉപയോഗിച്ചാണ്‌ ഭവനരഹിതർക്ക്‌ വീട്‌ ഉറപ്പാക്കുന്നത്‌.

തിരുവനന്തപുരം പള്ളിക്കൽ വില്ലേജിൽ റവന്യൂ വകുപ്പിന്റെ 110 സെന്റ്‌ പദ്ധതിക്ക്‌ നൽകി.  ഭവന സമുച്ചയത്തിന്‌ പദ്ധതി തയ്യാറാക്കാൻ ജില്ലാ നിർമിതി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. 

കൊല്ലം കടയ്ക്കൽ പഞ്ചായത്തിന്റെ ഒരു ഏക്കറിൽ 37 ഫ്ലാറ്റ്‌ അടങ്ങിയ സമുച്ചയം നിർമിക്കാൻ പ്ലാനും അടങ്കലുമായി. ആലപ്പുഴയിൽ തഴക്കര പഞ്ചായത്തിന്റെ 151 സെന്റിൽ പദ്ധതിക്ക്‌ സംസ്ഥാന നിർമിതി കേന്ദ്രവുമായി ചർച്ച തുടരുന്നു. ജില്ലയിൽ നിർമിച്ച 10 വീട്‌ ഈമാസം കൈമാറും. പാലക്കാട് കണ്ണാടി -രണ്ട്‌ വില്ലേജിൽ പൊതുമരാമത്ത് വകുപ്പിന്റെ 61 സെന്റിൽ 30 കുടുംബത്തിനാണ്‌ ഫ്ലാറ്റ് നിർമിക്കുന്നത്‌. ഇതിന്‌ പ്ലാനും അടങ്കലും തയ്യാറായി.  കോഴിക്കോട് വടകര മുനിസിപ്പാലിറ്റിയുടെ ഒരേക്കർ ലഭിച്ചിട്ടുണ്ട്‌.  കണ്ണൂർ പന്നിയൂർ വില്ലേജിൽ റവന്യൂ വകുപ്പിന്റെ 40 സെന്റിൽ 18 കുടുംബത്തിന്‌ ഫ്ലാറ്റ്  ഉയരും. തലശേരി എൻജിനിയറിങ് കോളേജ് പ്ലാനും അടങ്കലും തയ്യാറാക്കി.

രണ്ടാംഘട്ട ഭവന സമുച്ചയം ഉദ്ഘാടനം 6ന്
സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തിയായ ഭവന സമുച്ചയം തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  ഫ്ലാറ്റുകളുടെ താക്കോൽ കൈമാറും.

തൃശൂർ പഴയന്നൂർ പഞ്ചായത്തിലാണ്‌ 40 കുടുംബത്തിന്‌ ഭവന സമുച്ചയം പൂർത്തിയായത്. ആദ്യഘട്ടം കെയർ ഹോം പദ്ധതിയുടെ വിജയത്തിനുശേഷമാണ് സഹകരണ വകുപ്പ്‌ ഫ്‌ളാറ്റ്‌ നിർമാണത്തിലേക്ക്‌ കടന്നതെന്ന്  സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.‌ പഴയന്നൂർ പഞ്ചായത്ത് പദ്ധതിക്ക്‌ 106 സെന്റ് നൽകി. ഇരുനിലയിലായി നാല് ഫ്ലാറ്റുള്ള പത്ത് ബ്ലോക്കാണ് നിർമിച്ചത്. 432 ചതുരശ്ര അടി വിസ്തീർണത്തിൽ ഓരോ ഫ്ലാറ്റിനും വരാന്ത, സ്വീകരണ മുറി, രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top