29 March Friday

സ്‌നേഹമൂട്ടി നാട്‌

ശ്രീരാജ‌് ഓണക്കൂർUpdated: Thursday Dec 3, 2020


കൊച്ചി
‘രാവിലെ ഇറങ്ങിയതാണല്ലേ?’ പരിചയമുള്ള ശബ്‌ദം കേട്ട്‌ ജില്ലാ പഞ്ചായത്ത്‌ കോലഞ്ചേരി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി വിജയലക്ഷ്‌മി ശശി നോക്കി. കാക്കനാട്‌ എംഎഎച്ച്‌എസിൽ ഒപ്പം പഠിച്ച ഫാരിഷ നൂറുദ്ദീന്റെ കുശലാന്വേഷണം. ഐരാപുരം റബർ പാർക്കിലെ റൂബെക്ക്‌ ബലൂൺ കമ്പനിയിലെത്തിയ വിജയലക്ഷ്‌മിയെ സ്വീകരിച്ചത്‌ അവിടുത്തെ ജീവനക്കാരിയായ പ്രിയകൂട്ടുകാരി ഫാരിഷയാണ്‌. സ്ഥാനാർഥിയായശേഷം കൂട്ടുകാരിയെ കണ്ട സന്തോഷത്തിലായിരുന്നു ഫാരിഷ.  ജയിക്കുമെന്ന്‌ ഉറച്ച വാക്കുകളിൽ ലഭിച്ച ആശംസ ഏറ്റുവാങ്ങി അവിടെനിന്നു മടങ്ങി. ഐരാപുരം കോളനി, തുമ്പശേരി കോളനി, കാരമൂട്‌ കോളനി, ‌കണ്ടാട്ടുകുന്ന്‌ നാലു സെന്റ്‌ കോളനി എന്നിവിടങ്ങളിലും സ്ഥനാനാർഥി വോട്ടർമാരെ കാണാനെത്തി.

അനിത ടീച്ചർക്ക്‌ തൊഴിലാളികളുടെ ‘ഷേക്ക്‌ ഹാൻഡ്’
കനാൽ വൃത്തിയാക്കിക്കൊണ്ടിരുന്ന തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വിജയാശംസകളുടെ കരുത്തിലാണ്‌ ജില്ലാ പഞ്ചായത്ത്‌ ഉദയംപേരൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി അനിത ടീച്ചറെന്ന അനിത അനിൽകുമാർ പ്രചാരണം ആരംഭിച്ചത്‌. സ്ഥാനാർഥിയെ കണ്ട്‌ അറുപത്തേഴുകാരിയായ മേരിയമ്മ ഏണിയിൽ കയറി മുകളിലെത്തി നേരിട്ട്‌ വിജയാശംസ അറിയിച്ചു. എടയ്‌ക്കാട്ടുവയൽ ചെത്തിക്കോട്‌ ഒന്നുമുതൽ നാലുവരെ വാർഡുകളിലായിരുന്നു ബുധനാഴ്‌ചത്തെ പ്രചാരണം.  പൊരിയാർവാലി കനാലിൽ മാലിന്യം നിറഞ്ഞതും തൊഴിലാളികൾ ചൂണ്ടിക്കാട്ടി. കനാൽ സമീപവാസികളുടെ കുടിവെള്ളസ്രോതസ്സാണെന്ന്‌ നാട്ടുകാർ സ്ഥാനാർഥിയെയും ഒപ്പമുണ്ടായിരുന്ന മറ്റ്‌ എൽഡിഎഫ്‌ സാരഥികളെയും അറിയിച്ചു. കനാലിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പു നൽകിയാണ്‌ നാട്ടുകാരുടെ പ്രിയപ്പെട്ട അനിത ടീച്ചർ മടങ്ങിയത്‌.


 

നാട്ടുകാരുടെ പ്രിയപ്പെട്ടവൻ
‘എല്ലാവർക്കും വീട്‌’... ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതരുടെ ലിസ്‌റ്റ്‌ തയ്യാറാക്കുമെന്ന ഉറപ്പാണ്‌ ജില്ലാ പഞ്ചായത്ത്‌ മുളന്തുരുത്തി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി പി ബി രതീഷിന്റെ പ്രചാരണവാഹനത്തിലെ ഫ്ലക്‌സ്‌ ബോർഡിലെ വാക്കുകളിലുള്ളത്‌. പ്രിയങ്കരനായ രതീഷിനെ നെഞ്ചോടു ചേർത്താണ്‌ ജന്മനാടായ മണീട്‌ സ്വീകരണമൊരുക്കിയത്‌. ഏഴക്കരനാട്ടിൽ മീൻകച്ചവടം നടത്തുന്ന ഏലിയാസും റേഷൻ കടയുടമ റോയിയുമെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്‌ തങ്ങളുടെ നാട്ടുകാരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്‌‌. തോട്ടത്തിമലയിൽനിന്ന്‌ ആരംഭിച്ച രതീഷിന്റെ പൊതുപര്യടനം സിപിഐ എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു. എഴക്കരനാട്‌, വെട്ടിത്തറ, മണീട്‌ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട്‌ കാരൂർക്കാവിൽ സമാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top