25 April Thursday

പൊരുതാനുറച്ച്‌ വീണ്ടും രാശി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


കൊച്ചി
കോവിഡിനെ പൊരുതി തോൽപ്പിച്ച് ഡോ. രാശി കുറുപ്പ് വീണ്ടും കോവിഡ് പോർമുഖത്തേക്ക്. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോ കാർഡിയാറ്റിസ് അവസ്ഥയിലൂടെവരെ കടന്നുപോയെങ്കിലും കോവിഡ് പോരാളിയായി ഉറച്ചുനിൽക്കാനാണ് ഈ മുപ്പത്തിമൂന്നുകാരിയുടെ തീരുമാനം.

കോവിഡ് രോഗികളെ ചികിത്സിക്കാനായി സംസ്ഥാന സർക്കാരിന്റെ കോവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഒക്ടോബർ 23നാണ് തൃപ്പൂണിത്തുറ സ്വദേശിനി രാശി, കലൂർ പിവിഎസ് കോവിഡ് അപെക്സ് സെന്ററിൽ എത്തിയത്. ഒന്നരവയസ്സുള്ള മകളുടെ സംരക്ഷണം കുടുംബത്തെ ഏൽപ്പിച്ചു. ഭർത്താവ് ശ്യാംകുമാറിന്റെ പൂർണപിന്തുണയുണ്ടായിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ രോ​ഗലക്ഷണം കണ്ടുതുടങ്ങി. ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെ​ഗറ്റീവായിരുന്നു. പിന്നീട്‌ കനത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ ആർടിപിസിആർ ടെസ്റ്റെടുത്തു. അതോടെ സി കാറ്റ​ഗറിയിൽപ്പെട്ട കോവിഡ് ​രോ​ഗിയായി അതേ ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച് ​ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിലെ എല്ലാ ഡോക്ടർമാരും കോവിഡിനോട് പൊരുതാനുള്ള ആത്മവിശ്വാസം രാശിക്ക് നൽകി.  10 ദിവസത്തെ ഐസിയു ചികിത്സയ്ക്കുശേഷം അഞ്ചുദിവസംകൂടി ആശുപത്രിയിൽ കഴി‍ഞ്ഞു.

വീട്ടിലെത്തിയതോടെ കോവിഡ് ശരീരത്തിലുണ്ടാക്കിയ മറ്റ് അസുഖങ്ങൾ പുറത്തുചാടി. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസതടസ്സവും വിട്ടുമാറുന്നില്ല. ഹൃദയപരിശോധനയിൽ മൈനർ ഹൃദയാഘാതത്തിലേക്ക് എത്താനുള്ള സാധ്യത മനസ്സിലായി. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോ കാർഡിയാറ്റിസ് അവസ്ഥയിലൂടെ കടന്നുപോയ രാശിക്ക്, കുഞ്ഞിനെ താലോലിക്കാൻപോലും കഴിയുമായിരുന്നില്ല. മരുന്ന് ആശ്വാസം നൽകിയെങ്കിലും കിതപ്പും നെഞ്ചുവേദനയും ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. എങ്കിലും ജോലിയിൽ തുടരാനാണ്‌ രാശിയുടെ തീരുമാനം.

കോവിഡുണ്ടാക്കിയ ബുദ്ധിമുട്ടുകളിലൂടെ രാശി കടന്നുപോയതാണ്. ആ ബുദ്ധിമുട്ടുകളുടെ തീവ്രതതന്നെയാണ് രാശിയെ വീണ്ടും സന്നദ്ധപ്രവർത്തനത്തിലേക്ക് തിരിച്ചെത്തിച്ചത്. തിങ്കളാഴ്ചയാണ് രാശി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ജയ്‌പുരിൽനിന്ന്‌ പഠനം പൂർത്തിയാക്കിയ രാശി, ആലപ്പുഴ സ്വദേശികളായ എം ജി രാധാകൃഷ്ണന്റെയും ശോഭയുടെയും മകളാണ്. ഭർത്താവ് ശ്യാംകുമാർ എൻജിനിയറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top