25 April Thursday

നാശം വിതച്ച്‌ മഴ; നടുങ്ങി നാട്‌ ; വേണം അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കൊച്ചി
കനത്ത മഴയിലും വെള്ളക്കെട്ടിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കാലടി ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി. മഴയ്‌ക്കുപിന്നാലെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതും പല പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കി. കോതമംഗലം കോട്ടപ്പടി പേഴാട് ഭാഗത്ത് വൈദ്യുതിക്കമ്പി പൊട്ടി വൈദ്യുതവേലിയിൽ വീണതിനെത്തുടർന്ന്‌ വൈദ്യുതാഘാതമേറ്റ്‌ കാട്ടാന ചരിഞ്ഞു.

ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് തകരാറിലായി. 15 ഷട്ടറുള്ള ഡാമിന്റെ ഒമ്പതാമത്തെ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടിയാണ്‌ ഒരുവശത്തേക്ക് ചരിഞ്ഞ് തകരാറിലായത്. ശക്തമായ മഴമൂലം മുഴുവൻ ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. തകരാർ പരിഹരിച്ചാൽമാത്രമേ ഷട്ടർ ഉയർത്താനോ താഴ്‌ത്താനോ സാധിക്കൂ.

മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മാറാടി, വാളകം, ആയവന, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ പഞ്ചായത്തുകൾ, മൂവാറ്റുപുഴ നഗരസഭ പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.ആലുവയിൽ പെരിയാർ കരകവിഞ്ഞ്‌ മണപ്പുറം വെള്ളത്തിനടിയിലായി. പെരുമ്പാവൂർ കോടനാട് എലിഫന്റ്‌ പാസ് റിസോർട്ടിൽ കുടുങ്ങിയ വിദേശിയടക്കമുള്ള ഏഴുപേരെ പുറത്തെത്തിച്ചു. അഗ്നി രക്ഷാസേനയും പൊലീസും റവന്യു അധികൃതരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാലയിൽ പുളിക്കക്കുടി രാമകൃഷ്ണന്റെ ഫാമിൽ വെള്ളംകയറി 1500 കോഴികൾ ചത്തു. അരുവാപ്പാറ–-ക്രാരിയേലി റോഡിൽ മേക്കപ്പാല തോടുനിറഞ്ഞ് കണിച്ചാട്ടുപാറ പാലം മുങ്ങി. മുടക്കുഴ ഇളമ്പകപ്പള്ളി മില്ലുംപടിയിൽ കണിച്ചപറമ്പ് ഗോപാലന്റെയും സഹോദരന്റെയും വീടിനുമുകളിലെ കുന്നിൽനിന്ന്‌ മഴയിൽ തെന്നിമാറി നിൽക്കുന്ന വലിയ പാറക്കല്ല് ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. പാറ വീണാൽ രണ്ടുവീടുകളാണ്‌ അപകടത്തിൽപ്പെടുക.

കാലടി മേഖലയിലെ കാഞ്ഞൂർ, മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലായി അറുപതോളം വീടുകളിൽ വെള്ളംകയറി. പല്ലാരിമംഗലം, കവളങ്ങാട്, പോത്താനിക്കാട് പഞ്ചായത്തുകളിലായി 55 വീടുകളില്‍ വെള്ളം കയറി. പല്ലാരിമംഗലം മടിയൂര്‍ പഴമ്പിള്ളിയില്‍ ബാവയുടെ പറമ്പിലെ ഫാമില്‍ വെള്ളം കയറി ഒമ്പതിനായിരത്തോളം കോഴികള്‍ ചത്തു. സമീപത്തെ ഹോളോബ്രിക്‌സ് കമ്പനിയില്‍ വെള്ളം കയറി നൂറുചാക്ക് സിമന്റ് നശിച്ചു. വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന്‌ പറവൂർ താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.

മുനമ്പത്തുനിന്ന്‌ മീൻപിടിക്കാൻപോയ ബോട്ട് തിരികെവരുമ്പോൾ നിയന്ത്രണംവിട്ട് ഒഴുകി തീരത്തടിഞ്ഞു. ബോട്ടിലെ 15 തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. കുട്ടമ്പുഴ സത്രപ്പടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസഫ് ദേവസ്യയുടെ വീട് തകർന്നു. കോഴിപ്പിള്ളി പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിലെ കോതമംഗലം കോഴിപ്പിള്ളി കവലയിൽ ഗതാഗതം തടസ്സപ്പെട്ടു. അത്താണിയിൽ ദേശീയപാതയ്‌ക്കരികെ കുറുന്തലക്കോട്ട് ചിറയിൽ കുളിക്കാനിറങ്ങിയ വൃദ്ധ ഒഴുക്കിൽപ്പെട്ടു. അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

18 ക്യാമ്പുകളില്‍ 
685 പേർ
മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 199 കുടുംബങ്ങളിലെ 685 പേരാണ് ക്യാമ്പുകളിലുള്ളത്. 282 പുരുഷന്മാരും 283 സ്ത്രീകളും 120 കുട്ടികളുമാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 13 പേർ മുതിർന്ന പൗരന്മാരും ഒരാൾ ഭിന്നശേഷിക്കാരനുമാണ്.
ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തിൽ:

ആലുവ: ചൂർണിക്കര എസ്‌പിഡബ്ല്യു എൽപി സ്കൂൾ–- 31, കുന്നുശേരി മുസ്ലിം മദ്രസ–- -37, വലേപുറം അങ്കണവാടി–- 6. കോതമംഗലം: കോതമംഗലം ടൗൺ യുപി സ്കൂൾ- –-62,  തൃക്കാരിയൂർ എൽപി സ്കൂൾ–- 15. മൂവാറ്റുപുഴ: കുറിയൻമല കമ്യൂണിറ്റി ഹാൾ–-- 2, കടാതി എൻഎസ്എസ് കരയോഗം-– -24, ജെബി സ്കൂൾ വാഴപ്പിള്ളി–-- 89, എൽപി സ്കൂൾ ആവുനട-–- 10. പറവൂർ: ജിയുപിഎസ് കുറ്റിക്കാട്ടുകര–-- 105, ഐഎസി യൂണിയൻ ഓഫീസ്–- - 177,  എഫ്എസിടി ഈസ്റ്റേൺ യുപി സ്കൂൾ–-- 35, ജിഎച്ച്എസ് മുപ്പത്തടം-–- 4, ജിഎൽപിഎസ് ചാലക്ക–- 37, എലന്തിക്കര ജിഎൽപിഎസ്-–- 9, സെന്റ് ഫ്രാൻസിസ് എൽപിഎസ് കുത്തിയതോട്–- 19, സംഘമിത്ര ഹാൾ–-13. കുന്നത്തുനാട്: മാർതോമ എൽപിഎസ് കടക്കനാട്–-- 10.

ഫയർ ആൻഡ്‌ റസ്ക്യൂ 
കൺട്രോൾ റൂം തുറന്നു
ഫയർ ആൻഡ്‌ റസ്ക്യൂവിന്റെ കൺട്രോൾ റൂം ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്, കടവന്ത്ര, ആലുവ, കോതമംഗലം എന്നിവിടങ്ങളിൽ ആരംഭിച്ചു. ക്ലബ് റോഡ് സ്റ്റേഷൻ ഓഫീസർ ഡെൽവിനാണ്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആലുവ കൺട്രോൾ റൂമിന്റെ ചുമതല. സ്റ്റേഷൻ ഓഫീസർ കെ കരുണാകരൻപിള്ളയ്ക്കാണ്‌ കോതമംഗലം കൺട്രോൾ റൂമിന്റെ ചുമതല. ആലുവ കൺട്രോൾ റൂം: 0484 2624101, കോതമംഗലം കൺട്രോൾ റൂം: 0485 2822420, കടവന്ത്ര കൺടോൾ റൂം: 94979 20100, 94979 20108, ജില്ലാ ഫയർ ഓഫീസർ: -94979 20115.

കരുതലുമായി പൊലീസും
മഴക്കെടുതി നേരിടാൻ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. 
   അടിയന്തരസാഹചര്യങ്ങളിൽ ഇടപെടുന്നതിന് റൂറൽ എസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം രംഗത്തുണ്ട്. മഴക്കെടുതിയെയും വെള്ളപ്പൊക്കത്തെയും സംബന്ധിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്‌പി പറഞ്ഞു. ജില്ലാ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പർ: 94979 80500.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top