24 April Wednesday

ഗതാ​ഗതം നിലച്ചു, വീടുകളില്‍ വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കോതമംഗലം
കനത്ത മഴയെ തുടര്‍ന്ന് കോതമംഗലത്ത് വിവിധഭാഗങ്ങളില്‍ വെള്ളം കയറി. വൻ കൃഷിനാശം  ഉണ്ടായി, ഉരുൾപൊട്ടലിൽ വീടുകളും തകര്‍ന്നിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. കുട്ടമ്പുഴ സത്രപ്പടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസഫ് ദേവസ്യയുടെ വീട് തകർന്നു.

കോഴിപ്പിള്ളി പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി–-ധനുഷ്‌കോടി ദേശീയ പാതയിലെ കോഴിപ്പിള്ളി കവലയിൽ ഗതാഗത തടസ്സമുണ്ടായി. ആലുവ–-മൂന്നാർ റോഡിലെ നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കോതമംഗലം നഗരമധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട് കരവിഞ്ഞ് പാറത്തോട്ട് കാവ് ക്ഷേത്രത്തിൽ വെള്ളം കയറി. തൃക്കാരിയൂരിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കോതമംഗലം നഗരസഭയിൽ വിവിധഭാഗങ്ങളിൽ വെള്ളം കയറി. തങ്കളം, പുതുപ്പാടി, കാരക്കുന്നം ഭാഗങ്ങളിൽ ഗതാഗതം നിലച്ചു. തങ്കളം ജവഹർ കോളനി വെള്ളത്തിനടിയിലായതോടെ 17 കുടുംബങ്ങളിലെ 62 പേരെ കോതമംഗലം ടൗൺ യുപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യു,- പൊലീസ്,- അ​ഗ്നി രക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നു.
 

താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ
അതിതീവ്ര മഴയിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞ് താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കാളിയാർപ്പുഴ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നിവയും തോടുകളും നിറഞ്ഞൊഴുകുന്നു. മൂവാറ്റുപുഴ ടൗൺ യുപി സ്കൂൾ, കടാതി എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 150 പേർ ക്യാമ്പിലുണ്ട്.
കുര്യൻമലത്താഴം, ആനിക്കാക്കുടി, ആനച്ചാൽ, മുറിക്കൽ, ഇലാഹിയ നഗർ, മൂന്നുകണ്ടം, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളംകയറി. ഗവ. ഹോമിയോ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളംകയറി.

മാറാടി, വാളകം, ആയവന, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ പഞ്ചായത്തുകളിൽ പുഴയരികിൽ താമസിക്കുന്നവർക്ക്‌ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മാറാടിയിലെ കായനാട്, സൗത്ത് മാറാടി, നോർത്ത് മാറാടി, വാളകം പഞ്ചായത്തിലെ പെരുവംമൂഴി, വാളകം, കുന്നയ്ക്കാൽ, മേക്കടമ്പ്, റാക്കാട്, കടാതിയിലെ പാടശേഖരം എന്നിവിടങ്ങൾ വെള്ളത്തിനടിയിലായി. ഓണവിപണി ലക്ഷ്യംവച്ച് തുടങ്ങിയ പച്ചക്കറിക്കൃഷി ഉൾപ്പെടെ നശിച്ചു. കോതമംഗലം റോഡിൽ കക്കടാശേരിയിലും തൊടുപുഴ റോഡിൽ മടക്കത്താനത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നതും പുഴയിൽ ജലനിരപ്പുയരാൻ കാരണമായി. മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അഗ്നി രക്ഷാസേനയും പൊലീസും സന്നദ്ധസംഘടനകളും വെള്ളപ്പൊക്കം നേരിടാനുള്ള തയ്യാറെടുപ്പിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top