29 March Friday

സഹകരണമേഖലയെ 
സംരക്ഷിക്കണം : കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കോഴിക്കോട്‌
സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ അണിനിരക്കണമെന്ന്‌ കേരള ബാങ്ക്‌  എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്‌തു. അടിസ്ഥാന ജനവിഭാഗത്തിന്റെ അത്താണിയായ സഹകരണമേഖലയെ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിത്‌. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ധനമൂലധനശക്തികൾക്കെതിരെ ചെറുത്തുനിൽപ്പുയർത്തുന്നത്‌ സഹകരണമേഖലയാണ്‌. രണ്ടരലക്ഷം കോടിയിലധികം സാമ്പത്തിക അടിത്തറയുള്ള സഹകരണ മേഖലയുടെ വിശ്വാസ്യത കുപ്രചാരണങ്ങളിലൂടെ തകർക്കാനാണ്‌ നീക്കം. 

അടുത്തകാലത്ത്‌ ചില സഹകരണ സ്ഥാപനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുകയാണ്‌. ഈ സംഭവങ്ങളിലെല്ലാം കുറ്റവാളികൾക്കെതിരെ നടപടിയെടുത്തതാണ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും  ഉറപ്പാക്കി.  നിക്ഷേപകരുടെ പണം നഷ്ടമാകില്ലെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ക്രമക്കേടുകൾ കണ്ടെത്തിയാൽ ക്രിമിനൽ കുറ്റമുൾപ്പെടെ ചുമത്തി ശക്തമായി നടപടി സ്വീകരിക്കുന്നതിന്‌ സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനവും കൈക്കൊണ്ടിരിക്കയാണ്‌. ഈ പശ്‌ചാത്തലത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദനും സെക്രട്ടറി കെ ടി അനിൽകുമാറും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top