25 April Thursday

ആയുർവേദ പൈതൃക പാർക്ക് ഒരു വർഷത്തിനകം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കൂറ്റനാട്
തൃത്താല മണ്ഡലത്തിൽ ഒരു വര്‍ഷത്തിനകം ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വാവന്നൂർ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ പാരമ്പര്യവും നിരവധി ആയുർവേദ ചികിത്സ സ്ഥാപനങ്ങളുമുള്ള തൃത്താലയിൽ ആയുര്‍വേദ പാര്‍ക്കിന്‌ വലിയ സാധ്യതയാണുള്ളത്‌. പാര്‍ക്കിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താൻ തീരുമാനമായി. ഇതിനായി ആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. കിന്‍ഫ്ര ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്താൻ സംരംഭകരുടെയും പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹകരണം വേണം. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതി ആലോചിക്കും.

സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ് നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്നുകോടി വരെ അനുവദിക്കും. അനുമതിക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായ പാര്‍ക്കിനുള്ള എല്ലാ ആനുകൂല്യവും നല്‍കും.

ആയുര്‍വേദ ഉൽപ്പന്നങ്ങളുടെ ടെസ്റ്റിങ്‌, റിസര്‍ച്ച് ഡോക്യുമെന്റേഷന്‍, ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവയ്‌ക്കുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്ത് നല്‍കും. ഉൽപ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും. ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്തുണ്ട്‌. രണ്ടാമത്തെ കേന്ദ്രം തൃത്താലയിൽ തുടങ്ങാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. യോഗത്തില്‍ സ്പീക്കർ എം ബി രാജേഷ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top