20 April Saturday
കേരളത്തിന്‌ 110 കോടിയുടെ ബാധ്യത

വൈദ്യുതി വിൽപ്പന : ഉയർന്നനിരക്കിൽ പുതിയ കമ്പോളം 
സംസ്ഥാനങ്ങൾക്ക്‌ തിരിച്ചടി

ജെയ്സൻ ഫ്രാൻസിസ്Updated: Wednesday Aug 3, 2022


തിരുവനന്തപുരം
വൈദ്യുതി വിൽപ്പനയ്‌ക്ക്‌ ഉയർന്ന നിരക്കിലുള്ള പുതിയ കമ്പോളം രൂപീകരിക്കാൻ കേന്ദ്രസർക്കാർ. പവർഎക്‌സ്‌ചേഞ്ചിന്‌ കീഴിലുള്ള കമ്പോളം വരുന്നതോടെ സംസ്ഥാനങ്ങൾക്ക്‌ ഭാവിയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കില്ല.

കൽക്കരി ക്ഷാമം മറികടക്കാൻ വിദേശ ഇറക്കുമതിക്ക് സ്വകാര്യ വൈദ്യുതി ഉൽപ്പാദക നിലയങ്ങളെ കേന്ദ്രം നിർബന്ധിച്ചിരുന്നു. ഇറക്കുമതി കൽക്കരി ഉപയോഗിച്ചുള്ള ഉൽപ്പാദനത്തിന്‌ ചെലവ്‌ കൂടുതലാണ്‌. വൈദ്യുതി വിലയും കൂടുതലായിരിക്കും. എന്നാൽ, പവർ എക്‌സ്‌ചേഞ്ചിൽ പരമാവധി വിലയായ യൂണിറ്റിന്‌ 12 രൂപ നിരക്കിലേ വൈദ്യുതി വിൽക്കാനാകൂ. ഇതിനപ്പുറം വില ലഭിക്കാത്തതിനാൽ സ്വകാര്യനിലയങ്ങൾ ഉൽപ്പാദനശേഷി പൂർണമായി ഉപയോഗിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നിലയങ്ങളെ സഹായിക്കാനെന്ന പേരിലാണ് ഉയർന്ന നിരക്കിലുള്ള കമ്പോളം ആരംഭിക്കുന്നത്‌. ഇതോടെ മറ്റുകമ്പോളങ്ങളില്‍ പരമാവധി നിരക്കിലോ കുറഞ്ഞ നിരക്കിലോ വൈദ്യുതി വിൽക്കാൻ എത്തുന്നവരുടെ എണ്ണം കുറയും. ഇത് വൈദ്യുതി ലഭ്യത കുറയ്‌ക്കുകയും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യും. സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽ ചെലവ്‌ ഉയരും. ഉയർന്ന നിരക്കിലുള്ള കമ്പോള രൂപീകരണത്തിന്‌ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

കേരളത്തിന്‌ 110 കോടിയുടെ ബാധ്യത
പുതിയ കമ്പോളം രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതിനിടെ കേരളത്തിന്‌ അധിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനവുമായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷൻ. തദ്ദേശീയ കൽക്കരിക്കൊപ്പം ഇറക്കുമതി ചെയ്യുന്നവ ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾക്കുണ്ടാകുന്ന അധിക ചെലവ്‌ സംസ്ഥാനങ്ങൾ വഹിക്കണമെന്ന്‌ റഗുലേറ്ററി കമീഷൻ ഉത്തരവായി. കേരളത്തിന്‌ പ്രതിമാസം 110 കോടിയുടെ അധിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണിത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top