24 April Wednesday

അറ്റാഷെ സമ്മതിച്ചിട്ടും തിരുത്താതെ കേന്ദ്ര മന്ത്രി ; പിഴവ്‌ തിരുത്താതെ കേന്ദ്ര മന്ത്രാലയവും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


കൊച്ചി
പിടികൂടിയ നയതന്ത്ര ബാഗേജ്‌ തന്റേതാണെന്ന്‌ യുഎഇ കോൺസുലേറ്റ്‌ അറ്റാഷെയും സമ്മതിച്ചതായി കസ്‌റ്റംസ്‌ രേഖ. അറ്റാഷെ റഷീദ്‌ ഖാമിസ്‌ അലിമുസാഖിരി അൽ അഷ്‌മിയയുടെ സാന്നിധ്യത്തിൽ കസ്‌റ്റംസ്‌ കാർഗോ കോംപ്ലക്‌സിൽ നടന്ന ബാഗേജ്‌ പരിശോധനയ്ക്കുശേഷം കോടതിയിൽ സമർപ്പിച്ച വിശദ റിപ്പോർട്ടിലാണ്‌ ഈ വിവരമുള്ളത്‌.

കഴിഞ്ഞമാസം അഞ്ചിനാണ്‌ ബാഗേജ്‌ പരിശോധിക്കാൻ കസ്‌റ്റംസ്‌ അറ്റാഷെയെ വിളിച്ചുവരുത്തിയത്‌. ബാഗേജ്‌ തുറക്കുംമുമ്പ്‌ അതിൽ രേഖപ്പെടുത്തിയ നമ്പരും മുദ്രകളും എയർവേ ബില്ലിൽ ഉള്ളതുപോലെതന്നെയാണെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ കുടുംബം ഷാർജയിൽനിന്ന് അയച്ച നയതന്ത്ര ബാഗേജാണ്‌ ഇതെന്നും ഒമ്പതിനം ഭക്ഷ്യസാധനങ്ങളാണ്‌ അതിലുള്ളതെന്നും ഇൻവോയ്‌സ്‌ കാണിച്ച്‌ അറ്റാഷെ വിശദീകരിച്ചു. 1035444 നമ്പർ ഇൻവോയ്‌സ്‌ പ്രകാരം ജൂൺ 25ന് ഷാർജയിലെ അൽസത്താർ സ്‌പൈസസിൽനിന്നാണ്‌ ബാഗേജ്‌ അയച്ചിരുന്നത്‌. ഇൻവോയ്‌സ്‌ പ്രകാരം ബാഗേജിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധിച്ച്‌ തയ്യാറാക്കിയ മഹസറിൽ അറ്റാഷെ കൗണ്ടർ സൈൻ ചെയ്‌തതായും കസ്‌റ്റംസ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അറ്റാഷെയെ തടയേണ്ടത്‌ ആഭ്യന്തരമന്ത്രാലയമെന്ന്‌
യുഎഇ അറ്റാഷെ രാജ്യം വിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനുമേൽ ചുമത്തി വിദേശസഹമന്ത്രി വി മുരളീധരൻ. വിദേശമന്ത്രാലയത്തിന്‌ ഇതുമായി ഒരു ബന്ധവുമില്ലെന്നും‌‌ ആഭ്യന്തര മന്ത്രാലയമാണ്‌ വിസ അനുവദിക്കുന്നതെന്നുമാണ്‌ ചാനൽ ചർച്ചയിൽ കേന്ദ്രമന്ത്രി പറഞ്ഞത്‌. വിസയുണ്ടെങ്കിൽ ആർക്കും എപ്പോഴും വിദേശത്തേക്ക്‌ പോകുകയും വരികയും ചെയ്യാം. കേസിൽ ഉൾപ്പെടുന്നവരെ മാത്രമേ തടയാനാകൂ. അത്‌ ചെയ്യേണ്ടത്‌ ആഭ്യന്തര മന്ത്രാലയമാണ്‌. അറ്റാഷെയെക്കുറിച്ച്‌ ഒരു സംശയവും ഉയർന്നിരുന്നില്ല. അദ്ദേഹം പോകുന്നത്‌ പറയാത്തതുപോലെ തിരിച്ചുവരുന്നതും പറഞ്ഞിട്ടില്ല.

കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ പി രാജനെ സ്ഥലംമാറ്റിയതിന്‌ കേസുമായി ബന്ധമില്ലെന്നും സ്വർണക്കടത്ത്‌ മുഴുവൻ പിടിച്ചത്‌ അദ്ദേഹമല്ലെന്നും സഹമന്ത്രി പ്രതികരിച്ചു. വിദേശ സഹമന്ത്രി സ്വയം ന്യായീകരിക്കാൻ ഉത്തരവാദിത്തം മുഴുവൻ അമിത്‌ ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിനുമേൽ ചാരിയത്‌ ബിജെപിയിൽ വിവാദമായിട്ടുണ്ട്‌.

പിഴവ്‌ തിരുത്താതെ കേന്ദ്ര മന്ത്രാലയവും
കേസന്വേഷണ ചുമതല എൻഐഎക്ക്‌ കൈമാറി  പുറത്തിറക്കിയ ഉത്തരവിലെ ഗുരുതര പിഴവ്‌ ഇപ്പോഴും തിരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂലൈ ഒമ്പതിന്‌ പുറത്തിറക്കിയ ഉത്തരവിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം പിടിച്ചെടുത്തത്‌ 14 യാത്രക്കാരിൽനിന്നാണ്‌ എന്നാണുള്ളത്‌. എന്നാൽ, നയതന്ത്ര ബാഗേജിൽ വന്ന സ്വർണമാണ്‌ കസ്‌റ്റംസ്‌ പിടിച്ചതെന്ന്‌  അടുത്ത ദിവസം കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ എൻഐഎ വ്യക്തമായി പറഞ്ഞു. കേസിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പിഴവ്‌ കേന്ദ്ര മന്ത്രാലയം ഇപ്പോഴും തിരുത്തിയിട്ടില്ല.

നയതന്ത്ര ബാഗേജ്‌ ദുരുപയോഗിച്ച്‌ സ്വർണം കടത്തി എന്നതാണ്‌ ഈ കേസിന്റെ പ്രാധാന്യമെന്ന്‌ കസ്‌റ്റംസും എൻഐഎയും കോടതിയിൽ ആവർത്തിച്ച്‌ പറയുന്നുണ്ട്‌. യുഎഇ കോൺസുലേറ്റിന്റെ പങ്കും അവർ സംശയിക്കുന്നു. എന്നിട്ടും ആ ഭാഗം മറയ്‌ക്കാനാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ ശ്രമിച്ചത്‌.  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിരന്തരം ശ്രമിക്കുന്നതും അതിനുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top