25 April Thursday

ചെല്ലാനം ടെട്രാപോഡ്‌ ; രണ്ടാംഘട്ടത്തിന്‌ എസ്‌റ്റിമേറ്റ്‌ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

പള്ളുരുത്തി > ചെല്ലാനം തീരദേശത്തെ ടെട്രാപോഡ് കടല്‍ഭിത്തിയുടെ രണ്ടാംഘട്ടനിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാണെന്നും ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് നിര്‍മാണം ആരംഭിക്കുമെന്നും കലക്ടര്‍ എന്‍ എസ്‌ കെ ഉമേഷ് പറഞ്ഞു. ചെല്ലാനം ഹാര്‍ബര്‍മുതല്‍ പുത്തന്‍തോട് ബീച്ചുവരെ 7.32 കിലോമീറ്റര്‍ ഒന്നാംഘട്ടം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

വാക്‌വേയുടെ നിര്‍മാണവും പൂര്‍ത്തിയായി. പുത്തന്‍തോടുമുതല്‍ വടക്ക്‌ കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് ടെട്രാപോഡ് രണ്ടാംഘട്ടം. ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ചെല്ലാനത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ അവസാനിച്ചെന്നും അതിന്റെ ആശ്വാസത്തിലാണ്‌ അവരെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും പിന്തുണ തീരദേശജനതയ്ക്കുണ്ടാകുമെന്നും കലക്‌ടർ വ്യക്തമാക്കി.

ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ ഒരുക്കങ്ങളുടെ ഭാഗമായി മണല്‍വാട, ജിയോബാഗ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു കലക്ടര്‍. ഇതിനായി 14 ലക്ഷം രൂപ ദുരന്തനിവാരണഫണ്ടില്‍നിന്ന്‌ അനുവദിച്ചു. കടല്‍ഭിത്തിയില്ലാത്ത കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ മണല്‍വാടയും ജിയോബാഗും സ്ഥാപിക്കുന്നത്‌ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ് പറഞ്ഞു. 15, 16 വാര്‍ഡുകളിലെ മണല്‍ത്തിട്ടനീക്കലും ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യന്‍, കെ എല്‍ ജോസഫ്, കെ എസ് നിക്‌സന്‍, സീമ ബിനോയ്, കെ കെ കൃഷ്ണകുമാര്‍, റോസി പെക്‌സി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍, മേജര്‍ ഇറിഗേഷന്‍–-ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ കലക്‌ടർക്കൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top