19 April Friday

കുട്ടികളില്‍ ദിശാബോധം വളര്‍ത്തി ‘എക്സിമസ് ദേശാഭിമാനി ഫോക്കസ് 2023'

സ്വന്തം ലേഖികUpdated: Saturday Jun 3, 2023

എക്‌സിമസ്–ദേശാഭിമാനി ഫോക്കസ് കരിയർ ഫെസ്റ്റിവൽ 2023 കലൂർ എജെ ഹാളിൽ 
നടന്നപ്പോൾ ദേശാഭിമാനിയുടെ ആദരം ഏറ്റുവാങ്ങിയ എസ്എസ്എൽസി, 
പ്ലസ്‌ടു ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി
ആയിരക്കണക്കിന്‌ വിദ്യാർഥികളുടെ മുന്നിൽ  ഉപരിപഠന സാധ്യതകൾ തുറന്നിട്ട്‌ "എക്സിമസ് –--ദേശാഭിമാനി ഫോക്കസ് 2023' കൊച്ചിയിൽ നടന്നു. എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. കലൂർ എജെ ഹാളിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബെന്നി, ജില്ലാ സെക്രട്ടറി ഏലിയാസ്‌ മാത്യു, എക്‌സിമസ് കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്‌റ്റഡീസ്‌ ഡയറക്ടർ അരുൺകുമാർ, ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ മാനേജർ രഞ്ജിത് വിശ്വം, മാർക്കറ്റിങ് വിഭാഗം സീനിയർ മാനേജർ കെ ഷിനോയ്‌, സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ്, കൊച്ചി ബ്യൂറോ ചീഫ്‌ ടി ആർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്നുനടന്ന സെഷനിൽ കൊമേഴ്‌സിലെ ഉന്നത പഠനസാധ്യതകളും ജോലിസാധ്യതകളും എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്‌റ്റഡീസ്‌ ഡയറക്ടർ പ്രിൻസ്‌ ഫ്രാൻസിസ്‌ വിശദീകരിച്ചു. "പത്ത്‌, പ്ലസ്‌ടു പഠനത്തിനുശേഷം എന്തുപഠിക്കണം' വിഷയത്തിൽ ഡോ. ടി പി സേതുമാധവൻ സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം "ജേർണി ടു സിവിൽ സർവീസസ്‌' സെഷനിൽ കൊച്ചി ആദായനികുതി അഡീഷണൽ കമീഷണർ ജ്യോതിസ്‌ മോഹൻ, "സൈക്കോളജിക്കൽ ഇൻപുട്‌സ്‌ ഫോർ എ കരിയർ സെലക്‌ഷൻ' സെഷനിൽ ഡോ. വിപിൻ റോൾഡന്റ്‌ എന്നിവർ സംസാരിച്ചു.

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ്‌ കുസാറ്റ്‌ വൈസ്‌ ചാൻസലർ ഡോ. പി ജി ശങ്കരൻ ഉദ്‌ഘാടനം ചെയ്‌തു. രഞ്ജിത് വിശ്വം അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എൽ മാഗി, ‘നെയ്‌മർ’ സിനിമയുടെ സംവിധായകൻ സുധി മാഡിസൺ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലും വിദേശത്തും കൊമേഴ്‌സ് മേഖലയിൽ ഏറ്റവും ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം ‘എക്സിമസ് കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസാ’ണ് ദേശാഭിമാനി ഫോക്കസിന്റെ മുഖ്യപ്രായോജകർ. മുൻനിര എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ‘സഫയർ ഫ്യൂച്ചർ അക്കാദമി’യാണ് സഹപ്രായോജകർ.

ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ്‌ സെഷനുകൾ
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ദേശാഭിമാനി നടത്തിയ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023' പങ്കാളിത്തംകൊണ്ട്‌ മികച്ചതായി. രാവിലെ 8.30ന്‌ ആരംഭിച്ച രജിസ്‌ട്രേഷൻ കൗണ്ടറിൽ മിനിറ്റുകൾക്കുള്ളിൽ രക്ഷിതാക്കളും വിദ്യാർഥികളും നിറഞ്ഞുകവിഞ്ഞു. ആയിരത്തഞ്ഞൂറിലധികം വിദ്യാർഥികൾ രജിസ്‌റ്റർ ചെയ്തു.

വിദ്യാർഥിയുടെ താൽപ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം ഉന്നതപഠനം തെരഞ്ഞെടുക്കേണ്ടതെന്ന്‌ "പത്ത്‌, പ്ലസ്‌ടു പഠനത്തിനുശേഷം എന്തു പഠിക്കണം' വിഷയത്തിൽ സംസാരിച്ച ഡോ. ടി പി സേതുമാധവൻ പറഞ്ഞു. കോഴ്‌സുകളുടെ പ്രസക്തി മനസ്സിലാക്കിയാകണം മേഖല തെരഞ്ഞെടുക്കേണ്ടത്‌. ഇപ്പോൾ ലോകത്താകമാനം പ്രാധാന്യമുള്ളത്‌ സേവനമേഖലകൾക്കാണ്‌. പ്ലസ്‌ടുവിനുശേഷം ഏതു മേഖല വേണം എന്നതിനെ അടിസ്ഥാനമാക്കിയാകണം പത്താംക്ലാസ്‌ കഴിഞ്ഞുള്ള പഠനം തെരഞ്ഞെടുക്കാൻ. പത്രവായനയും പൊതുവിജ്ഞാനവും കംപ്യൂട്ടർ പരിജ്ഞാനവും പഠനത്തിനൊപ്പം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻജിനിയറിങ്, മെഡിസിൻ എന്നീ മേഖലകളിൽനിന്നു മാറി സിവിൽ സർവീസ്‌, അഗ്രികൾച്ചർ, കൊമേഴ്‌സ്‌ തുടങ്ങിയ മേഖലകളെക്കുറിച്ചാണ്‌ കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചത്‌. വിദേശ കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും കുട്ടികളുടെ ഭാഗത്തുനിന്ന്‌ അന്വേഷണങ്ങളുണ്ടായി.

ഉച്ചയ്ക്കുശേഷം മത്സരപരീക്ഷകളിൽ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സഫയർ സിഇഒ ഡോ. ടി സുരേഷ്‌കുമാർ സംസാരിച്ചു. തുടർന്ന്‌ "സൈക്കോളജിക്കൽ ഇൻപുട്‌സ്‌ ഫോർ എ കരിയർ സെലക്‌ഷൻ' സെഷനിൽ അഭിരുചിയും താൽപ്പര്യങ്ങളും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച്‌ ഡോ. വിപിൻ റോൾഡന്റ്‌ കുട്ടികളോട്‌ സംസാരിച്ചു. പരീക്ഷയിൽമാത്രമല്ല, ജീവിതത്തിലും എ പ്ലസ്‌ നേടാൻ തങ്ങളുടെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പരാജയങ്ങളിൽ വീണുപോകാതെ തീവ്രമായി യത്‌നിക്കാനുള്ള മനസ്സാണ്‌ സിവിൽ സർവീസ്‌ ആഗ്രഹിക്കുന്നവർക്ക്‌ വേണ്ടതെന്ന്‌ "ജേർണി ടു സിവിൽ സർവീസസ്‌' എന്ന സെഷനിൽ കൊച്ചി ആദായനികുതി അഡീഷണൽ കമീഷണർ ജ്യോതിസ്‌ മോഹൻ പറഞ്ഞു.

ആവേശമായി ‘നെയ്‌മർ'
‘എക്സിമസ്–ദേശാഭിമാനി ഫോക്കസ് 2023'ൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക്‌ ആവേശമായി "നെയ്‌മർ' സിനിമയുടെ അണിയറപ്രവർത്തകരുമെത്തി. വലിയ കൈയടിയോടെയാണ്‌ സിനിമയിലെ പ്രധാന കഥാപാത്രമായ "നെയ്‌മർ' എന്ന നായയെ സദസ്സ്‌ സ്വീകരിച്ചത്‌. സിനിമയുടെ സംവിധായകൻ സുധി മാഡിസൺ, തിരക്കഥാകൃത്തുക്കളായ ആദർശ്‌ സുകുമാരൻ, പോൾസൺ സ്‌കറിയ, നായികമാരിലൊരാളായ കീർത്തി ശ്രീകുമാർ എന്നിവരും വേദിയിലെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top