12 July Saturday

ആഹ്ലാദനിറം ചാർത്തി റോഷന്‌ പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


വൈപ്പിൻ
നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. 15 വർഷമായി ഈ സ്കൂളിലെ വിദ്യാർഥി ഐ ജി റോഷൻ ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം നിറംചാർത്തുന്നതായി പ്രവേശനോത്സവം. റോഷന് യാത്രാമംഗളം നേർന്ന്‌ ആദരമൊരുക്കിയ പരിപാടി കലാവതരണങ്ങളും മധുരവിതരണവുംകൊണ്ട് ആഘോഷമായി.

പ്രവേശനോത്സവ, യാത്രാമംഗളസമ്മേളനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐ ജി റോഷനെ പൊന്നാടയണിയിച്ച് ആദരിച്ച അദ്ദേഹം, പുരസ്കാരവും സമ്മാനിച്ചു. ജർമനിയിലെ ബെർലിനിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻവേണ്ട യാത്രാസഹായത്തിന് സംസ്ഥാന കായികമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിമൽ ഗ്രെയ്സിനെയും സമ്മേളനത്തിൽ ആദരിച്ചു. വാടേൽ സെന്റ് ജോർജ് ഇടവക സഹവികാരി ഫാ. ജിലു ജോസ് മുള്ളൂർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ്, സിസ്റ്റർ വിമൽ ഗ്രെയ്‌സ്‌, ഡോ. ക്രിസ്റ്റി പെരേര, പിടിഎ പ്രസിഡന്റ് കെ രാജേഷ് എന്നിവർ സംസാരിച്ചു. 12 മുതൽ 27 വരെയാണ് ബെർലിനിൽ സ്പെഷ്യൽ ഒളിമ്പിക്സ് നടക്കുന്നത്. സിസ്റ്റർ വിമൽ ഗ്രെയ്സ്, കായികപരിശീലകൻ ആസ്പ്രൻ റോണ റെമല്ലോ എന്നിവരുടെ പ്രോത്സാഹനമാണ് റോഷന് നേട്ടമൊരുക്കിയത്. 

വിവിധ ഘട്ടങ്ങളിലായി ഹരിയാന, ഗുജറാത്ത്, നോയ്ഡ എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളിൽ പങ്കെടുത്ത അറുന്നൂറിലധികം വിദ്യാർഥികളിൽനിന്നാണ് റോഷൻ തെരഞ്ഞെടുക്കപ്പെട്ടത്. പെരുമ്പിള്ളി ഇത്തിപ്പറമ്പിൽ ഗലീലിയോയുടെയും ബേബിയുടെയും മകനാണ്‌ റോഷൻ. ഈമാസം ഏഴുമുതൽ 11 വരെ ഡൽഹിയിൽ നടക്കുന്ന ക്യാമ്പിനുശേഷം 12ന് ജർമനിയിലേക്ക് യാത്രയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top