02 July Wednesday

മുല്ലപ്പെരിയാറിൽനിന്ന് തമിഴ്‌നാട് 
കൂടുതൽ വെള്ളം എടുത്തുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


കുമളി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന്‌ തമിഴ്‌നാട് കൂടുതൽ വെള്ളം എടുത്തുതുടങ്ങി. തേനി ജില്ലയിലെ നെല്‍പാടങ്ങളിലേക്ക്‌ ഒന്നാംഘട്ട കൃഷിക്കും കുടിവെള്ളത്തിനുമാണ് കൂടുതൽ വെള്ളം. തേക്കടി ഷട്ടർ വളപ്പിൽ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമി ഷട്ടര്‍ തുറന്നു. സെക്കൻഡിൽ 300 ഘനയടി വീതം വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുക. 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം കൃഷിക്കും 100 ഘനയടി കുടിവെള്ളത്തിനും ഉപയോഗിക്കും. കാലവര്‍ഷം ആരംഭിക്കാനിരിക്കെ അണക്കെട്ടില്‍ 118.45അടി വെള്ളമുണ്ട്.

തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ജൂണ്‍ ഒന്നിന് തന്നെ അണക്കെട്ടില്‍നിന്ന്‌ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് കാര്‍ഷിക മേഖലയ്‌ക്ക് ഗുണമാകും.  കാലവര്‍ഷം ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാട് വെള്ളമെടുത്ത് തുടങ്ങിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ എന്നീ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കറിലാണ് കൃഷിചെയ്യുന്നത്.
മാര്‍ച്ച് അവസാനത്തോടെ തമിഴ്‌നാട് അണക്കെട്ടില്‍നിന്ന്‌ വെള്ളമെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി ലോവര്‍ ക്യാമ്പ് പവര്‍ സ്റ്റേഷനിലും പെന്‍സ്റ്റോക്കിലും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഷട്ടര്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് തേനി ജില്ലയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top