28 March Thursday

ഗാഡ‌്ഗിൽ റിപ്പോർട്ടിലും ആസിയൻ കരാറിലും രാഹുൽ നിലപാട‌് പറയണം : പിണറായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


കോഴിക്കോട‌്:
ഗാഡ്ഗിൽ റിപ്പോർട്ടിലും ആസിയാൻ കരാറിലുമുള്ള നിലപാട‌് വ്യക‌്തമാക്കാൻ  വയനാട്ടിൽ മൽസരിക്കുന്ന രാഹുൽ ഗാന്ധി തയ്യാറാവണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോഴിക്കോട‌് കടപ്പുറത്തും താമരശ്ശേരിയിലും ചേർന്ന എൽ ഡി എഫ് റാലികളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗാഡ‌്കിൽ റിപ്പോർട്‌ വന്നതോടെയാണ‌് വയനാട്ടിലുൾപ്പെടെ കൃഷിക്കാരുടെ ഭൂമി പ്രത്യേക അവസ്ഥയിലായത‌്. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്കും താല്പര്യമാണ‌്‌. എന്നാൽ ജനങ്ങളെ കാണാതുള്ള പ്രകൃതി സംരക്ഷണം വേണ്ട. ഇക്കാര്യത്തിൽ എന്താണ‌് ചെയ്യാൻ പോകുന്നതെന്നറിഞ്ഞാൽ നന്ന‌്.
ഇത‌് പോലെ കർഷകരുടെ നടുവൊടിച്ച മറ്റൊരു നടപടിയാണ‌് ആസിയൻ കരാരിലൂടെയുണ്ടായത‌്. നാണ്യ വിളകൾക്ക‌് വില നന്നായി ഇടിഞ്ഞു. ഇത‌് വഴി തകർച്ച സംഭവിച്ച കർഷകരെ രക്ഷിക്കാൻ എന്താണ‌് ചെയ്യുകയെന്നും പറയണം. ഈ കരാറും കോൺഗ്രസ‌് കാലത്ത‌് ഒപ്പ‌് വെച്ചതാണ‌്. മൽസരിക്കാനായി വയനാട്ടിലെത്തുന്ന രാഹുൽ ഇതിന് മറുപടി പറയണം.

കോൺഗ്രസ‌് നേതാക്കൾ ഇപ്പോഴും സ്വപ‌്ന ലോകത്താണ‌്. കോൺഗ്രസിന്റെ പ്രതാപകാലം പോയി എന്ന‌് അവർ തിരിച്ചറിയുന്നില്ല. പ്രാമാണികരായ നേതാക്കൾക്ക‌് മത‌്സരിക്കാൻ സുരക്ഷിതമായ സീറ്റ‌് ഇല്ലാതായി തുടങ്ങി. എന്നിട്ടും വീമ്പ‌് പറച്ചിലിന‌് ഒരു കുറവുമില്ല. കേരളത്തിലെ നേതാക്കൾ ഇക്കാര്യത്തിൽ മത‌്സരിക്കുകയാണ‌്.
തങ്ങളുടെ തട്ടകം ഏതാണെന്നറിയാതെ നട്ടം തിരിയുകയാണ‌് കോൺഗ്രസ‌്. കോൺഗ്രസിനെ ശക‌്തിപ്പെടുത്താനെന്നപേരിൽ ബിജെപിയെ ശക‌്തിപ്പെടുത്തുകയാണവർ. ഇപ്പോഴത്തെ ബിജെപി നേതാക്കളിലേറെയും മുൻ കോൺഗ്രസ‌് നേതാക്കളാണ‌്. എഐസിസി നേതാക്കൾ, മുൻ കോൺഗ്രസ‌് മുഖ്യമന്ത്രിമാർ, പിസിസി പ്രസിഡണ്ട‌ുമാർ എന്നിവരെല്ലാം ബിജെപിയിത്തെിയിട്ടുണ്ട‌്. ഗോവയിൽ മന്ത്രിസഭ രൂപീകരിക്കാൻ പോലും കോൺഗ്രസ‌് അവകാശവാദം ഉന്നയിച്ചില്ല. ജയിച്ച കോൺഗ്രസ‌് എംഎൽഎ മാർ ബിജെപിയിലേക്ക‌് പോയി. കോൺഗ്രസിന്റെ പ്രമുഖ നേതാവിനെ ചൂണ്ടി ഇദ്ദേഹം പൂണൂൽ ധരിച്ച ബ്രാഹ‌്മണനും ശിവഭക‌്തനുമാണെന്നാണ‌് തൊട്ട‌് താഴെയുള്ള മറ്റൊരു നേതാവ‌് പറഞ്ഞത‌്. ഇതിന്റെ പിന്നാലെ നാം കാണുന്നത‌് നേതാവ‌് അമ്പലങ്ങളിലും മറ്റും പോകുന്നതാണ‌്. തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ എന്ത‌് കൊണ്ടാണ്‌ ഇത്ര ഭക‌്തി വന്നത‌്. ഇങ്ങനെയാണോ ബിജെപിയെ നേരിടേണ്ടതെന്നും പിണറായി ചോദിച്ചു. കോഴിക്കോട്ട‌് പി കിഷൻ ചന്ദും താമരശേരിയിൽ  കാരാട്ട് റസാക്ക് എം എൽ എയും അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top