29 March Friday

മതനിരപേക്ഷ സർക്കാരിൽ കോൺഗ്രസിന‌് കാഴ‌്ചക്കാരുടെ റോൾ: എസ‌് ആർ പി

പ്രത്യേക ലേഖകൻUpdated: Wednesday Apr 3, 2019


കണ്ണൂർ
രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നത‌് കോൺഗ്രസുകാരുടെ അതിരുകടന്ന പ്രതീക്ഷ മാത്രമാണെന്ന‌്  സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻ പിള്ള. പടക്കളത്തിൽൽനിന്ന‌് ഒളിച്ചോടിയ ഒരാൾക്ക‌് എങ്ങനെ പടനായകനാകാൻ കഴിയുമെന്ന‌് അദ്ദേഹം ചോദിച്ചു. കണ്ണൂർ പ്രസ‌് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ‌്ആർപി.

ബിജെപി സർക്കാരിനെ താഴെയിറക്കുക, ഇടതുപക്ഷത്തിന്റെ വോട്ടും സീറ്റും വർധിപ്പിക്കുക, ഇടതുപക്ഷത്തിന‌് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരിക ഇതാണ‌്  ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ മുന്നോട്ടുവയ‌്ക്കുന്ന ലക്ഷ്യം. ഇതു മൂന്നും സാധ്യമാകുന്ന രാഷ്ട്രീയ സാഹചര്യമാണ‌്  ഉയർന്നുവരുന്നത‌്. ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ കരുത്താർജിക്കുകയാണ‌്.  എന്നാൽ ബിജെപിക്കതിരെ രൂപപ്പെടുന്ന മതനിരപേക്ഷ കൂട്ടായ‌്മയെ അട്ടിമറിക്കാനാണ‌് കോൺഗ്രസ‌് ശ്രമിക്കുന്നത‌്. അതിന്റെ ഏറ്റവും നല്ല തെളിവാണ‌് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം.   കോൺഗ്രസിന്റെ മതനിരപേക്ഷ മുഖംമൂടി തുറന്നുക്കാട്ടപ്പെടുകയാണ‌്. അവരുടെ എതിർപ്പ‌് ബിജെപിയോടല്ല, മതനിരപേക്ഷ കൂട്ടായ‌്മയോടാണ‌്. 

എന്നിരുന്നാലും ഇടതുപക്ഷത്തിന‌് സ്വാധീനമുള്ള, ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. ഇതിൽ കാഴ‌്ചക്കാരുടെ റോൾ മാത്രമായിരിക്കും കോൺഗ്രസിന‌്. യുപി വ്യക്തമായ ചൂണ്ടുപലകയാണ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 73 സീറ്റ‌് ലഭിച്ച യുപിയുടെ ബലത്തിലാണ‌് നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽവന്നത‌്. സമാജ‌് വാദി പാർടി–- ബിഎസ‌്പി സഖ്യം രൂപപ്പെട്ടതോടെ ചിത്രം മാറി. ഇത്തവണ 60–-70 സീറ്റും ഈ സഖ്യം നേടുമെന്നുറപ്പാണ‌്. നാളത്തെ ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കുക  ഈ കൂട്ടുകെട്ടായിരിക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കോൺഗ്രസില്ലാതെ തന്നെ മതനിരപേക്ഷ സഖ്യം നിലവിൽ വന്നു. ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലും മതനിരപേക്ഷ സഖ്യം കരുത്താർജിച്ചുവരികയാണ‌്.

കേരളത്തിൽ ഇത്തവണ 2004ലേതിനെക്കാൾ വലിയ വിജയമായിരിക്കും ഇടതുപക്ഷം നേടുക. വയനാട്ടിൽ രാഹുൽഗാന്ധി ഒരു കാരണവശാലും ജയിക്കാൻ പോകുന്നില്ല. അവരെടുത്ത അപകടകരമായ രാഷ്ട്രീയം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട‌്. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട‌്–-  എസ‌് ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top