29 March Friday

നേട്ടങ്ങളിൽ തിളങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023



കൊച്ചി
സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ നേട്ടങ്ങളുടെ തിളക്കത്തോടെ മുന്നിൽക്കുതിച്ച്‌ എറണാകുളം ജില്ല. പ്രതിശീർഷ വരുമാനത്തിൽ ഇതരസംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാംസ്ഥാനത്ത്‌ കുതിക്കുമ്പോൾ ജില്ലകളിൽ മുന്നിൽ എറണാകുളമാണ്‌.

മെട്രോ കുതിപ്പിൽ
കൊച്ചി മെട്രോയുടെ മൊത്തവരുമാനം 67 കോടി രൂപയായി ഉയർന്നു. 2020–-21ൽ 39.97 കോടിയായിരുന്നു. 2022 ഏപ്രിൽമുതൽ ആഗസ്തുവരെ 45 കോടി വരുമാനമുണ്ടായി.12.36 കോടി രൂപയായിരുന്ന മൊത്ത റവന്യു ചെലവ്‌  118 കോടി രൂപയായി. 38 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം 97 ലക്ഷമായി. 2022 സെപ്‌തംബറിൽ ശരാശരി യാത്രികരുടെ എണ്ണം 72,484 ആണ്‌. ശരാശരി ദിവസവരുമാനം 22,56,640 ലക്ഷം രൂപയും.

നേട്ടങ്ങളുടെ നെറുകയിൽ ഇൻഫോപാർക്ക്‌
മുൻവർഷം ജീവനക്കാരുടെ എണ്ണം 51,000 ആയിരുന്നത്‌ 63,600 ആയി. ഐടി കമ്പനികളുടെ എണ്ണം 420ൽനിന്ന്‌ 546 ആയി. കയറ്റുമതി വരുമാനം 5700 കോടിയിൽനിന്ന്‌ 8500 കോടി രൂപയായി. 50,000 ചതുരശ്രയടി സ്ഥലത്തിന്റെ നിർമാണം പൂർത്തിയായി.

അതിഥിത്തൊഴിലാളികൾ
കൂടുതൽ അതിഥിത്തൊഴിലാളികൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌ ജില്ലയിലാണ്‌. ആവാസ്‌ പദ്ധതിപ്രകാരം സംസ്ഥാനത്താകെയുള്ള  5,16,320 പേരിൽ ജില്ലയിൽമാത്രം 1,15,053 പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

വാഹനപ്പെരുപ്പം
2022 മാർച്ചുവരെ 155.65 ലക്ഷം മോട്ടോർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. കൂടുതൽ എറണാകുളത്താണ്‌. 22,16,348 വാഹനങ്ങൾ (14.25 ശതമാനം). മുൻവർഷത്തേക്കാൾ 4.83 ശതമാനമാണ്‌ വർധന. റോഡപകടങ്ങളും മരണവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണെങ്കിലും റോഡപകട സാധ്യതയേറിയ ക്രാഷ്‌ സ്‌പോട്ടുകൾ കൂടുതൽ എറണാകുളത്താണ്‌. 4592 ക്രാഷ് ബ്ലാക്ക് സ്പോട്ടുകളുള്ളതിൽ 703 എണ്ണമാണ്‌ ജില്ലയിൽ.

ലൈഫ്‌ ഉയരങ്ങളിൽ
ലൈഫ്‌ മിഷനുകീഴിൽ സംസ്ഥാനത്താകെ പൂർത്തിയായ 3,13,455 വീടുകളിൽ 22,848 എണ്ണം ജില്ലയിലാണ്‌. ഒന്നാംഘട്ടത്തിൽ 1059 എണ്ണമാണ്‌ നൽകിയത്‌. രണ്ടാംഘട്ടം 5651, മൂന്നാംഘട്ടം 1617, പിഎംആർവൈ (യു) 9879, പിഎംആർവൈ (ആർ) 946, പട്ടികജാതി -1965, പട്ടികവർഗം 107 വീടുകൾക്കുപുറമെ ഫിഷറീസ്‌ വകുപ്പ്‌ 420, ന്യൂനപക്ഷം -79, മറ്റുള്ളവ -1125 വിഭാഗങ്ങളിലും വീടുകൾ നൽകാനായി.

ഉയർന്ന പ്രതിശീർഷ വരുമാനം
2021–-22ൽ സംസ്ഥാനത്തെ ശരാശരി വരുമാനം ദേശീയശരാശരിയേക്കാൾ ഒന്നരമടങ്ങ്‌ അധികമാണ്‌. 1,91,863 രൂപയുമായി ജില്ല ഒന്നാംസ്ഥാനത്ത് തുടരുന്നു. മുൻവർഷം ഇത് 1,73,437 രൂപ ആയിരുന്നു. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിരക്കാണിത്‌.  ഉയർന്ന വരുമാനമുള്ള ജില്ലയും എറണാകുളംതന്നെ. 2021–-22ലെ വരുമാനം 1,05,58,586 ലക്ഷം രൂപയാണ്. മുൻവർഷത്തെക്കാൾ 18.03 ശതമാനം വളർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top