26 April Friday

ഇപിഎഫ്‌ഒ തിരിച്ചുപിടിക്കുന്നത്‌ 
തൊഴിലാളിക്ക്‌ അർഹതപ്പെട്ട തുക

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


കൊച്ചി
ഹൈക്കോടതി വിധിയെത്തുടർന്ന്‌ ഹയർ ഓപ്‌ഷൻവഴി ഉയർന്ന പെൻഷൻ വാങ്ങുന്നവരിൽനിന്ന്‌ അത്‌ തിരിച്ചുപിടിക്കുന്നത്‌ ക്രൂരതയാണെന്ന്‌ ഇപിഎഫ്‌ പെൻഷൻകാർ. സുപ്രീംകോടതി വിധി വളച്ചൊടിച്ചാണ്‌ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്നതെന്നും അവർ പറഞ്ഞു. തൊഴിലാളിക്ക്‌ അർഹതപ്പെട്ട തുകയാണ്‌ ഇപിഎഫ്‌ഒ തിരിച്ചുപിടിക്കുന്നത്‌. ശമ്പളത്തിന്‌ ആനുപാതികമായി ലഭിക്കുന്ന പെൻഷൻതുകയാണ്‌ ഹയർ ഓപ്‌ഷൻ എന്നപേരിൽ നൽകുന്നത്‌. ഇത്‌ ജീവനക്കാരനും തൊഴിലുടമയും ചേർന്ന്‌ തെരഞ്ഞെടുത്താൽ പെൻഷൻഫണ്ടിലേക്ക്‌ കൂടുതലായി നൽകേണ്ട തുക, തൊഴിലുടമ പ്രൊവിഡന്റ്‌ ഫണ്ടിലേക്ക്‌ അടച്ച തുകയിൽനിന്ന്‌ വകമാറ്റാം. ഇങ്ങനെ വരുമ്പോൾ നഷ്‌ടം തൊഴിലാളിക്കാണ്‌. വിരമിക്കുമ്പോൾ ലഭിക്കേണ്ട തുകയാണ്‌ വകമാറ്റുന്നത്‌. 

പെൻഷൻതുക നിശ്‌ചയിക്കുന്നതിലും അട്ടിമറിയുണ്ട്‌. നേരത്തേ തൊഴിലാളി വിരമിക്കുന്നതിനുമുമ്പുള്ള അവസാനത്തെ 12 മാസം വാങ്ങുന്ന ആകെ ശമ്പളത്തിന്‌ ആനുപാതികമായാണ്‌ തുക നിശ്‌ചയിച്ചിരുന്നത്‌. അത്‌  2014 സെപ്‌തംബർമുതൽ അവസാന 60 മാസത്തെ ശമ്പളത്തിന്‌ ആനുപാതികമാക്കി ഭേദഗതി ചെയ്‌തു. ഇത്‌ മറ്റ്‌ പെൻഷൻ പദ്ധതികളിൽ ഇല്ലാത്ത വ്യവസ്ഥയാണ്‌. 

ആരംഭിച്ച കാലംമുതൽ പെൻഷൻ അട്ടിമറിയുടെ ചരിത്രമാണ്‌ എംപ്ലോയീസ്‌ പെൻഷൻ സ്‌കീമിന്‌ (ഇപിഎസ്‌) പറയാനുള്ളത്‌. ട്രേഡ്‌ യൂണിയനുകളുടെ ദീർഘകാല പ്രക്ഷോഭത്തിന്റെ ഫലമായാണ് 1995ൽ പദ്ധതി നിലവിൽവന്നത്‌. ഇത്‌ നടപ്പാക്കിയപ്പോൾ 1971 മുതൽ ഉണ്ടായിരുന്ന കുടുംബപെൻഷൻ പദ്ധതിയുമായി കൂട്ടിച്ചേർത്തു. എന്നാൽ, 1995 മുതലുള്ള സർവീസ്‌ കാലാവധി മാത്രമാണ്‌ പരിഗണിച്ചത്‌. ഇതോടെ പെൻഷൻ നാമമാത്രമായി. നേരത്തേയുണ്ടായിരുന്ന സേവനകാലാവധി തൊഴിലാളിക്ക്‌ നഷ്‌ടമായി. ഇതേ തുടർന്ന്‌, കേരളത്തിൽമാത്രം 74 പേർക്ക്‌ ഒരു രൂപ പെൻഷൻ ലഭിക്കുന്ന സ്ഥിതിയുണ്ടായി.

വിജ്‌ഞാപനങ്ങൾ വ്യക്‌തമായി തൊഴിലാളികളെ അറിയിക്കുന്നതിൽ ഇപിഎഫ്‌ഒ ഗുരുതരവീഴ്‌ചയാണ്‌ വരുത്തുന്നത്‌. പിരിയുന്നതിനുമുമ്പ്‌ ഹയർ ഓപ്‌ഷൻ നൽകണമെന്ന വ്യവസ്ഥ ഗുണഭോക്‌താക്കളെ അറിയിച്ചിട്ടില്ല. നിലവിൽ കേരളത്തിൽ മുന്നൂറിൽ താഴെപ്പേർമാത്രമാണ്‌ ഹയർ ഓപ്‌ഷൻ അപേക്ഷ കൃത്യസമയം നൽകിയത്‌. ഹയർ ഓപ്‌ഷൻ വ്യവസ്ഥ രഹസ്യമായി വച്ചിരുന്നതിനാലാണ്‌ ബഹുഭൂരിപക്ഷത്തിനും നൽകാനാകാതിരുന്നത്‌. ഹൈക്കോടതി വിധിയിലൂടെയാണ്‌ ഇവർക്ക്‌ ഓപ്‌ഷൻ നൽകാനായത്‌. എന്നാൽ, ഇതിനെതിരെ സുപ്രീംകോടതിയിൽ ഇപിഎഫ്‌ഒ പോയപ്പോൾ ഹയർഓപ്‌ഷൻ നൽകിയവർക്ക്‌ ഉയർന്ന പെൻഷൻ നൽകണമെന്ന്‌ വിധിച്ചു. എന്നാൽ, വിരമിക്കുമ്പോൾ ഹയർഓപ്‌ഷൻ നൽകിയെന്നപേരിൽ ബഹുഭൂരിപക്ഷം പെൻഷൻകാരുടെയും ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കാനാണ്‌ ഇപ്പോൾ നീക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top