18 April Thursday

സിദ്ധാർഥ്‌ തുടർചികിത്സയ്‌ക്കായി കോയമ്പത്തൂരിലേക്ക്‌ ; നന്മ നേർന്ന്‌ 
സൂറത്ത്‌ മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

സിദ്ധാർഥ്‌, മഹാവീർ ആശുപത്രിയിൽനിന്ന്‌ ആംബുലൻസിൽ 
കോയമ്പത്തൂരിലേക്ക്‌ പുറപ്പെടുന്നു


കൊച്ചി
സൂറത്ത് മഹാവീർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന്‌ തുടർചികിത്സയ്‌ക്കായി കോയമ്പത്തൂരിലേക്ക്‌ പുറപ്പെട്ട കൈരളി ചാനൽ പ്രവർത്തകൻ സിദ്ധാർഥ്‌ ഭട്ടതിരിക്ക്‌ നന്മ ആശംസിച്ച്‌ സൂറത്ത്‌ കേരളസമാജം പ്രവർത്തകർ. കഴിഞ്ഞമാസം 19ന്‌ സൂറത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽനിന്ന്‌ വീണ്‌ ഗുരുതരപരിക്കേറ്റ്‌ മഹാവീറിൽ ചികിത്സയിലായിരുന്നു സിദ്ധാർഥ്‌. സൂറത്ത്‌ കേരളസമാജത്തിന്റെ നിർണായക ഇടപെടലും സഹായവുമാണ്‌ സിദ്ധാർഥിന്റെ ജീവൻ രക്ഷിച്ചത്‌.

കോയമ്പത്തൂരിലെ ഗംഗ മെഡിക്കൽ സെന്ററിലാണ്‌ തുടർചികിത്സ. ബുധൻ ഉച്ചയോടെ മഹാവീറിൽനിന്ന്‌ ഡിസ്‌ചാർജായി. വ്യാഴം പുലർച്ചെയാണ്‌ ആംബുലൻസിൽ കോയമ്പത്തൂരിലേക്ക്‌ പുറപ്പെട്ടത്‌. യാത്രയാക്കാൻ കേരളസമാജത്തിന്റെ പ്രവർത്തകർ  എത്തിയിരുന്നു. സിദ്ധാർഥിനെ മഹാവീറിൽ പ്രവേശിപ്പിച്ചതുമുതൽ ചികിത്സാ ആവശ്യങ്ങൾക്കെല്ലാം കേരളസമാജമാണ്‌ മുന്നിൽ നിന്നത്‌. സൂറത്ത്‌ ഗവ. മെഡിക്കൽ കോളേജിൽ മരണത്തോട്‌ മല്ലടിച്ച സിദ്ധാർഥിനെ മഹാവീറിൽ എത്തിച്ചതുകൊണ്ടുമാത്രമാണ്‌ ജീവൻ രക്ഷിക്കാനായത്‌. ഏഴ്‌ യൂണിറ്റോളം രക്തം  നഷ്‌ടമായിരുന്നു. അടിയന്തര ശസ്‌ത്രക്രിയകൾക്ക്‌ ഉൾപ്പെടെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിലധികം യൂണിറ്റ്‌ രക്തം സമാജം പ്രവർത്തകർ ദാനം ചെയ്‌തു. അപകടവിവരം അറിഞ്ഞ്‌ സൂറത്തിലെത്തിയ സിദ്ധാർഥിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും താങ്ങായതും കേരളസമാജമാണ്‌.

സിദ്ധാർഥിന്‌ ഉചിതസമയത്ത്‌ മികച്ച ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്‌ സമാജം ഭാരവാഹികൾ സമൂഹമാധ്യമ പേജിൽ കുറിച്ചു. ‘നീ ഞങ്ങളുടെയെല്ലാം മനസ്സിൽ വിങ്ങുന്ന വേദനയാണ്. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. ഒരുപാടിഷ്ടമാണ് നിന്നെ ഞങ്ങൾക്ക്. മടങ്ങിവരൂ... മിടുക്കനായി’ എന്നും ആശംസിച്ചു. സിദ്ധാർഥ്‌ വെള്ളിയാഴ്‌ചയോടെ ഗംഗയിൽ ചികിത്സയ്‌ക്ക്‌ പ്രവേശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top