25 April Thursday

വരൂ... കാണൂ നഗരത്തിലെ റോഡുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

പത്തുവർഷത്തെ യുഡിഎഫ് ദുർഭരണത്തിനുശേഷം കൊച്ചി കോർപറേഷനിൽ എൽഡിഎഫ് അധികാരത്തിലേറിയപ്പോഴുണ്ടായ മാറ്റം കൊച്ചിയിലെത്തുന്ന ആർക്കും റോഡുകൾ കണ്ടറിയാം. പ്രധാന റോഡുകൾമുതൽ ഇടറോഡുകൾവരെ സ്മാർട്ടായി. വർഷങ്ങളായി കുണ്ടുംകുഴിയുമായി കിടന്നവ ​ഗതാ​ഗതയോഗ്യമായി. അപകടാവസ്ഥയിലായ പാലങ്ങൾക്ക് ശാപമോക്ഷം ലഭിച്ചു. യുഡിഎഫ് ഭരണകാലത്ത്  സിഎസ്എംഎൽ ഉദ്യോ​ഗസ്ഥർ പദ്ധതിനടത്തിപ്പിന് മേയർ സൗമിനി ജയിനിന്റെ  പുറകെ നടക്കേണ്ട അവസ്ഥയായിരുന്നു. എൽഡിഎഫ് അധികാരത്തിലേറിയതോടെ ആ സ്ഥിതി മാറി. പദ്ധതിവിവരങ്ങളും പുരോ​ഗതിയുമറിയാൻ മേയർ എം അനിൽകുമാർ സിഎസ്എംഎൽ അധികൃതരെ അങ്ങോട്ട്‌  വിളിച്ചുതുടങ്ങി. സ്മാർട്ട് സിറ്റി പദ്ധതികൾ മേയർ നേരിട്ട് വിലയിരുത്തി. മറ്റ് ഏജൻസികളുമായി സമയബന്ധിതമായി ഇടപെട്ടു. ഇതോടെ ന​ഗരത്തിൽ കേബിൾ ഡെക്ടും കാര്യക്ഷമമായ ഡ്രൈനേജും മനോഹരമായ ഫുട്പാത്തുകളുമുള്ള സ്മാർട്ട് റോഡുകൾ വികസിച്ചു. വൈദ്യുത, കേബിൾ പോസ്‌റ്റുകൾ ഒഴിവാക്കി ലൈൻ ഭൂമിക്കടിയിലൂടെയാക്കാൻ കേബിൾ ഡെക്ട് സ്ഥാപിക്കാൻ കഴിയാത്ത ചെറിയ റോഡുക  ളിൽ  സ്പൺ ബോളുകൾ സ്ഥാപിച്ചു.

നവീകരിച്ച കെ ടി കോശി റോഡ്

നവീകരിച്ച കെ ടി കോശി റോഡ്



 

തമ്മനം–-പുല്ലേപ്പടി റോഡ് വികസനം 
യാഥാർഥ്യത്തിലേക്ക്
കൊച്ചിന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന തമ്മനം–പുല്ലേപ്പടി റോഡിന്റെ വികസനം യാഥാർഥ്യമാകുകയാണ്. തമ്മനം–-പുല്ലേപ്പടി റോഡ് വികസനത്തിനുള്ള ഭൂമി തരംതിരിച്ച് കൊച്ചി കോർപറേഷൻ പൊതുമരാമത്ത് വകുപ്പിന് കൈമാറി  കരട് വിജ്ഞാപനം പുറത്തിറക്കി. പദ്ധതിക്കായി സൗജന്യമായി വിട്ടുനൽകിയതും പണം കൊടുത്ത് ഏറ്റെടുത്തതുമായ ഭൂമിയാണ് തരംതിരിച്ച് നൽകിയത്. കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ കിഫ്ബി ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും. 

റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ തീരുമാനിച്ചെങ്കിലും യുഡിഎഫ് ഭരണസമിതി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാൻ നീക്കം നടന്നെങ്കിലും പിഡബ്ല്യുഡിക്ക് നിയമപരമായി  റോഡ്  കൈമാറാത്തത് തിരിച്ചടിയായി. പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെആർഎഫ്ബി ഡിപിആർ തയ്യാറാക്കാൻ വിസമ്മതിച്ചു. എൽഡിഎഫ് ഭരണസമിതി ചുമതലയേറ്റതോടെ മേയർ എം അനിൽകുമാറിന്റെ ഇടപെടലിനെ തുടർന്ന് കലക്ടർ കെആർഎഫ്ബിക്ക് ഡിപിആർ തയ്യാറാക്കാൻ നിർദേശം നൽകി.  കെആർഎഫ്ബി ഡിപിആർ പൂർത്തിയാക്കി. ഇതോടെ പദ്ധതി പൂർത്തിയാക്കാനുള്ള വഴി തെളിഞ്ഞു.
 

മാവേലി റോഡും കിടു
യുഡിഎഫ് പത്തുവർഷം കൊച്ചി കോർപറേഷൻ ഭരിച്ചിട്ടും ​ഗാന്ധിന​ഗറിലെ മാവേലി റോഡ് സഞ്ചാരയോ​ഗ്യമാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. നാട്ടുകാർ പരാതി നൽകിയിട്ടും സമരം നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാൽ, എൽഡിഎഫ് അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ മാവേലി റോഡ് സഞ്ചാരയോ​ഗ്യമായി. ​ഗാന്ധിന​ഗറിലെ കൗൺസിലറായിരുന്ന കെ കെ ശിവന്റെ ഇടപെടലിനെത്തുടർന്നാണ് മാവേലി റോഡിന് ശാപ    മോക്ഷം ലഭിച്ചത്. 

സ്മാർട്ടാക്കി 
സിഎസ്എംഎൽ
സിഎസ്എംഎൽ എറണാകുളം മേഖലയിൽ നടത്തുന്ന സ്മാർട്ട് റോഡുകളുടെ നവീകരണം 95 ശതമാനം പൂർത്തിയായി. ഡിസംബർ അവസാനത്തോടെ ബാനർജി റോഡൊഴികെയുള്ള സ്മാർട്ട് റോഡുകളുടെ നവീകരണം പൂർത്തിയാകും. വൈകിയാണ് ബാനർജി റോഡിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇക്കാരണത്താലാണ് ബാനർജി റോഡിലെ നവീകരണത്തിന് കാലതാമസം നേരിടുന്നത്. എബ്രഹാം മാടമാക്കൽ റോഡ്, പാർക്ക് അവന്യു റോഡ്, ഷണ്മുഖം റോഡ്, ദർബാർ ഹാൾ ​ഗ്രൗണ്ട് റോഡ് എന്നിവയുടെ ഫൈനൽ ടാറിങ്ങാണ് നടപ്പാക്കാനുള്ളത്. മഴ തടസ്സമായില്ലെങ്കിൽ ഇത് കാലതാമസമില്ലാതെ നടക്കും. 300 കോടി രൂപ ചെലവിലാണ് സിഎസ്എംഎൽ റോഡ് നവീകരണ പദ്ധതികൾ നടപ്പാക്കുന്നത്.

ചാത്യാത്ത് റോഡ്

ചാത്യാത്ത് റോഡ്


 

സിഎസ്എംഎല്ലിന്റെ  മറ്റ് റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ നവീകരണം ഡിസംബർ അവസാന വാരത്തോടെ പൂർത്തിയാകും. പദ്ധതിയിലൂടെ 40  റോഡുകളാണ് നവീകരിക്കുന്നത്. നാരകത്തറ, റാണിമാതാ റോഡ്, ക്ലബ് റോഡ്, ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ ലായം റോഡ്, കെ ടി കോശി റോഡ്, പ്രസ് ക്ലബ് റോഡ്, കരുണാകരൻ റോഡ്, വിട്ടപ്പ പ്രഭു റോഡ്, ബേസിൻ റോഡ്, ഗോപാലപ്രഭു റോഡ്, ടി ഡി വെസ്റ്റ് സന്നിധി റോഡ്, തോട്ടേക്കാട്ട് റോഡ്, പയ്യപ്പിള്ളി റോഡ്, എ കെ ശേഷാദ്രി റോഡ്, മിറ്റത്തുള്ളി ഗംഗാധരമേനോൻ റോഡ് എന്നിവയുൾപ്പെടെ 30 റോഡുകളുടെ നവീകരണം സെപ്തംബറിൽ പൂർത്തിയാക്കി. ബാക്കി  റോഡുകളുടെ നവീകരണം നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top