19 April Friday

പരീക്ഷണം 10ന്‌; പരീക്ഷ 22 വരെ

ഇ കെ ഇക്‌ബാൽUpdated: Wednesday Dec 2, 2020


പെരുമ്പാവൂർ
പരീക്ഷയും പരീക്ഷണവും നേരിടാനുറച്ചാണ്‌ മുടക്കുഴ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഹന്ന റോയി കപ്പടയ്ക്കാമഠത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായത്‌. ആലുവ യുസി കോളേജിലെ എംഎ മലയാളം വിദ്യാർഥിയായ ഹന്നയുടെ രണ്ടാംസെമസ്‌റ്റർ പരീക്ഷ തിങ്കളാഴ്‌ചയാണ്‌ ആരംഭിച്ചത്‌. എതിർസ്ഥാനാർഥികൾക്ക്‌ തെരഞ്ഞെടുപ്പു ദിവസമായ ഡിസംബർ 10നുശേഷം വിശ്രമിക്കാമെങ്കിൽ ഹന്നയ്‌ക്ക്‌ ഫലമറിയുന്ന 16ഉം കഴിഞ്ഞ്‌ ഡിസംബർ 22ലെത്തണം. അന്നാണ്‌ ഈ സെമസ്‌റ്ററിലെ അവസാന പരീക്ഷ. 

തിങ്കളാഴ്‌ച പരീക്ഷാഹാളിൽനിന്നിറങ്ങി വീണ്ടും പ്രചാരണത്തിൽ സജീവമായി. പ്രചാരണത്തിൽ മുന്നേറുമ്പോഴും പരീക്ഷയുടെ പരീക്ഷണങ്ങളിൽ അങ്കലാപ്പുകളില്ല. ഇരുപത്തിരണ്ടുകാരിയായ ഹന്ന എൽഡിഎഫ് സ്വതന്ത്രയായി കാർ ചിഹ്നത്തിലാണ്‌  മത്സരിക്കുന്നത്. മുത്തച്ഛൻ ചെറിയാൻ കപ്പടയ്ക്കമഠത്തിൽ ഇതേ വാർഡിൽ 12 വർഷം മെമ്പറായിരുന്നു. മുതുമുത്തച്ഛൻ കുര്യൻ കപ്പടയ്ക്കാമഠത്തിൽ പെരുമ്പാവൂർ മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവൽക്കരിക്കാൻ പി ഗോവിന്ദപ്പിള്ളയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്‌.  കോവിഡ്‌ പശ്‌ചാത്തലത്തിൽ ആരംഭിച്ച സന്നദ്ധസേനയിൽ അംഗമാണ്‌ ഹന്ന. അച്ഛൻ റോയിക്ക് കൃഷിയും കച്ചവടവുമാണ്. അമ്മ: ഷൈനി റോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top