കൊച്ചി
പ്രതിസന്ധികാലത്ത് ഓണമുണ്ണാനുള്ള കിറ്റുകൾ തിങ്കളാഴ്‌ചമുതൽ റേഷൻ കാർഡ് ഉടമകളിലേക്ക്. പാക്കിങ് പൂർത്തിയാക്കി ശനിയാഴ്‌ചതന്നെ എല്ലാ റേഷൻ കടകളിലും കിറ്റുകൾ എത്തിച്ചു. ജില്ലയിൽ 8,81,834 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. മുൻഗണനാക്രമമനുസരിച്ചാണ് വിതരണം ആരംഭിക്കുന്നത്. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും തിങ്കളാഴ്‌ച കിറ്റ് നൽകുക.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് രണ്ടാംഘട്ടത്തിലും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപ്പെട്ട നീല കാർഡ് ഉടമകൾക്ക് മൂന്നാംഘട്ടത്തിലും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട വെള്ള കാർഡ് ഉടമകൾക്ക് നാലാംഘട്ടത്തിലും കിറ്റുകൾ നൽകും. കാർഡുടമകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. 16ന് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സപ്ലൈകോയുടെ കൊച്ചി, എറണാകുളം, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിപ്പോകൾക്കുകീഴിലായിരുന്നു പാക്കിങ്. എറണാകുളത്ത് 24 പാക്കിങ് സെന്ററുകളുണ്ട്. പാക്കിങ് സെന്ററുകളിൽ ഇപ്പോഴും ജോലികൾ പുരോഗമിക്കുകയാണ്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവര പരിപ്പ്, തേയില, മുളകുപൊടി, പൊടി ഉപ്പ്, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അല്ലെങ്കിൽ ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ, ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി തുടങ്ങിയവയാണ് കിറ്റിലുണ്ടാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..