24 April Wednesday

ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം 
ജനാധിപത്യത്തിന് വെല്ലുവിളി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


കൊച്ചി
ഭരണഘടന വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ   ശ്രമമാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എറണാകുളത്ത്‌ ഇ എം എസ് പഠന ‌​ഗവേഷണ കേന്ദ്രം  ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ  ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ജനാധിപത്യത്തെ തകർക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ  അതിന്റെ ലക്ഷ്യങ്ങളിൽനിന്ന്‌   വ്യതിചലിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം.  വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽ നിന്ന് നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ ഇല്ലാതാക്കാനാണ്  ശ്രമം. വിശ്വാസിക്കും വിശ്വാസമില്ലാത്തവനും യോജിച്ച് പ്രവർത്തിക്കാനാകുന്ന ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് സംഘപരിവാറിന്റെ  നീക്കം. ദേശീയ പ്രസ്ഥാനത്തിന്റെ  പാരമ്പര്യം ഇല്ലാതാക്കുന്ന നിലപാടുകൾ  ദീർഘകാലം രാജ്യംഭരിച്ച കോൺ​ഗ്രസ് സ്വീകരിച്ചതാണ് സംഘപരിവാറിന്റെ നീക്കങ്ങൾക്ക് കരുത്തുപകർന്നത്. കോൺ​ഗ്രസിന്റെ  ഈ ദുർബലതയെ പ്രയോജനപ്പെടുത്തിയാണ് സംഘപരിവാർ ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നത്‌. 

തൊഴിലാളികളുടെയും കർഷകരുടെയും താൽപ്പര്യം ഹനിക്കുന്ന കേന്ദ്രസർക്കാരിന്റെ  ആ​ഗോളവൽക്കരണ നയങ്ങൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു. ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി, അവരെ രണ്ടാം പൗരന്മാരായി കാണുന്ന നിയമങ്ങൾ പോലും നിർമിക്കുന്നു. മതത്തിന്റെ  അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുമ്പോൾ മതനിരപേക്ഷ രാഷ്ട്രമെന്ന ശക്തമായ ആശയത്തിനാണ് കളങ്കമേൽക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള കാശ്മീരിന്റെ  പ്രത്യേക അവകാശം എടുത്തുമാറ്റിയതിന് പിന്നിൽ മുസ്ലീങ്ങളെ മുഖ്യശത്രുവായി കാണുന്ന സംഘപരിവാർ രാഷ്ട്രീയമാണ്.
  സംസ്ഥാനങ്ങൾക്ക് സവിശേഷ അധികാരങ്ങൾ നൽകിയിരിക്കുന്നത് അവയുടെ സവിശേഷത പരി​ഗണിച്ചാണ്. ക്രമസമാധാനം, കൃഷി തുടങ്ങിയ  വിഷയങ്ങളിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാകരിച്ച നിയമങ്ങൾ കേന്ദ്രം അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിനും സംസ്ഥാനത്തിനുംതുല്യ അധികാരമുള്ള വിദ്യാ ഭ്യാസത്തിൽ കേന്ദ്രനിയമം നടപ്പാക്കുന്നു. ഫെ ഡറൽ സംവിധാനത്തെ ഇല്ലാതാക്കാൻ ശക്തമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അതാണ് കാശ്മീരിലും ലക്ഷദ്വീപിലും നാം കാണുന്നത്‌.

നാടിന്റെ  വികസനത്തിനോ ജനനന്മയ്ക്കോ വേണ്ടി പ്രവർത്തിക്കാതെ  ഇന്ത്യയെ തകർക്കുന്ന അന്താരാഷ്ട്ര കരാറുകളിൽ കേന്ദ്രസർക്കാർ ഏർപ്പെടുകയാണ്. ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധവും രാജ്യത്തിന്റെ   സാഹചര്യങ്ങൾക്ക് യോജിക്കാത്തതുമായ അന്താരാഷ്ട്ര കരാറുകൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കടുക്കാത്ത    സംഘപരിവാർ തങ്ങളുടെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ  രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. 

സംഘപരിവാറിന്റെ  ഇത്തരം ശ്രമങ്ങൾ ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ.  ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ സൂക്ഷ്മതലത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹർകിഷൻ സിങ്‌ സുർജിത്ത് അനുസ്മരണ ദിനമായ ആഗസ്ത് ഒന്നിന് ആരംഭിച്ച പ്രഭാഷണ പരമ്പര അഴീക്കോടൻ രാഘവൻ ദിനമായ സെപ്തംബർ 23 വരെയുണ്ടാകും. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ പ്രഭാഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top