19 April Friday

ഓർമകളായി അഭിമന്യു ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


കൊച്ചി
എറണാകുളം മഹാരാജാസ് കോളേജിന്റെ കിഴക്കേ കവാടം അഭിമന്യുവിന്റെ  ഓർമകളിൽ വീണ്ടും ജ്വലിച്ചു. മതതീവ്രവാദികൾ ആ ജീവനെടുത്തതിന്‌ ‌രണ്ടുവർഷം‌ തികയുന്ന നിമിഷത്തിൽ–- രാത്രി 12.45ന്‌ വിദ്യാർഥികൾ ദീപം തെളിച്ചു. കോളേജ്‌ മതിലിൽ  അഭിമന്യു അവസാനമായി കുറിച്ച ‘വർഗീയത തുലയട്ടെ’  മുദ്രാവാക്യം നേതാക്കളും പ്രവർത്തകരും ഏറ്റുവിളിച്ചു.  എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു അനുസ്മരണ സന്ദേശം നൽകി.

വ്യാഴാഴ്ച ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും.  എരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. രാവിലെ 9.30ന്‌ മഹാരാജാസിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം 11ന്‌ പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യും. എസ്‌എഫ്‌ഐ നേതാക്കൾ അഭിമന്യുവിന്റെ ജന്മനാടായ ഇടുക്കി വട്ടവടയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. 


 

കൃത്യം രണ്ടുവർഷംമുമ്പ്‌ രാത്രി 12.45നാണ്‌ മഹാരാജാസ് കോളേജിൽ ‌എസ്‌ഡിപിഐ--–-ക്യാമ്പസ് ഫ്രണ്ട് സംഘം   അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്. പ്രവർത്തകരായ വിനീതിനും അർജുൻ കൃഷ്ണയ്ക്കും കുത്തേറ്റു. പ്രധാന പ്രതികളായ 16 പേരും ഇന്ന്‌ ജയിലിലാണ്‌. ക്യാമ്പസ്‌ ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയായിരുന്ന അരൂക്കുറ്റി വടുതല നദ്‌വത്ത് നഗർ ജാവേദ് മൻസിലിൽ ജെ ഐ മുഹമ്മദ് (20), ക്യാമ്പസ്‌ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റായിരുന്ന എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25) എന്നിവരാണ്‌ ഒന്നും രണ്ടും പ്രതികൾ. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ പത്താംപ്രതി നെട്ടൂർ മേക്കാട്ട്‌ സഹൽ ഹംസയാണ്‌ ഒടുവിൽ പിടിയിലായത്‌. കേസിന്റെ വിചാരണ സെപ്‌തംബറിൽ തുടങ്ങും.

സിപിഐ എം 12.50 ലക്ഷം രൂപയ്‌ക്ക്‌ വട്ടവടയിൽ സ്ഥലം വാങ്ങി. 24.45 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് 2019 ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന്‌ കൈമാറിയിരുന്നു. വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.  അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന പിഎസ്‌സി പരിശീലനകേന്ദ്രവും യാഥാർഥ്യമാക്കി. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിർമാണം നടക്കുന്നു.

2018 നവംബറിൽ സഹോദരിയുടെ വിവാഹം നടത്തി.  വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നൽകി. മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം രൂപ എഫ്‌ഡിയായി ബാങ്കിലിട്ടു. ഒന്നാംവാർഷികത്തിൽ എറണാകുളം കലൂർ-–-കതൃക്കടവ് റോഡിൽ നിർമാണമാരംഭിച്ച അഭിമന്യു സ്മാരകത്തിലെ വിദ്യാർഥി സേവനകേന്ദ്രം ആദ്യഘട്ടം പൂർത്തിയാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top