26 April Friday

ചെങ്കോൽ രാജവാഴ്‌ചയുടെ പ്രതീകം ; പാർലമെന്റിൽ വേണ്ടിയിരുന്നത്‌ ഭരണഘടന : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസിഡന്റ് അഡ്വ. ആർ എസ് ചീമ സ്വീകരിക്കുന്നു


തിരുവനന്തപുരം
പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലിന്‌ പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത്‌ ഇന്ത്യൻ ഭരണഘടന ആയിരുന്നെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്‌സിന്റെ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽവന്ന രാജ്യത്തെ പാർലമെന്റിൽ ഭരണഘടനയ്ക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതര ജനാധിപത്യ, ഫെഡറൽ പ്രത്യേകതകൾ നിലനിൽക്കുമോയെന്ന്‌ ഭയപ്പെടുന്ന കാലത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ഭരണഘടന പ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ മാറ്റിനിർത്തപ്പെട്ടു. രാജ്യത്തെ ഏതു ദിശയിലേക്കാണ്‌ കൊണ്ടുപോകുന്നതെന്ന സൂചനയാണ്‌ ഇതു നൽകുന്നത്‌. പുതിയ ഇന്ത്യ മതനിരപേക്ഷമാകില്ലെന്ന സൂചന ഭയാനകമാണ്‌.
വൈദേശികമായ എന്തിനെയും ചെറുക്കുമെന്നാണ്‌ സംഘപരിവാർ പറയുന്നത്‌.  ഇന്നു കാണുന്ന ജനാധിപത്യം, സമത്വം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം, തൊഴിലിടങ്ങളിലെ സ്ത്രീകൾ എല്ലാം വിദേശത്തുനിന്ന്‌ കൈക്കൊണ്ടവയാണ്‌. ഇതിനെയെല്ലാം ഇല്ലാതാക്കുമെന്നാണ്‌ സംഘപരിവാർ പ്രഖ്യാപിക്കുന്നത്‌.

കേന്ദ്രത്തിന്റേതിൽനിന്ന്‌ വ്യത്യസ്തമായ ബദൽ നിലപാടുകളിലൂടെ ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ്‌ കേരളം. എല്ലാ വിഭാഗം ജനങ്ങൾക്കും കേരളം സാമൂഹ്യ, രാഷ്ട്രീയ തുല്യത  ഉറപ്പാക്കുന്നുണ്ട്‌. അതേസമയം, കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.  ഇതിനെല്ലാമെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top