20 April Saturday

സ്കൂൾ തുറന്നേ... കളിചിരികളിൽ നിറഞ്ഞ് അക്ഷരമുറ്റം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

എറണാകുളം യൂണിയൻ എൽപി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ബീഹാർ സ്വദേശികളായ അൽഷിഫ, അയാത്ത്, തൻവീർ എന്നിവർ


കൊച്ചി
പൂക്കളും കുരുത്തോലകളുംകൊണ്ട്‌ അലങ്കരിച്ച വിദ്യാലയങ്ങളിലേക്ക്‌ അച്ഛനമ്മമാരുടെ കൈപിടിച്ച്‌ കുരുന്നുകളെത്തി. റോസാപ്പൂക്കൾ നൽകി അധ്യാപകരും മുതിർന്ന വിദ്യാർഥികളും അവരെ സ്വീകരിച്ചു. ഒപ്പം പൂച്ചയുടെയും കരടിയുടെയും തത്തമ്മയുടെയും വേഷമണിഞ്ഞ മറ്റു കൂട്ടുകാരും. വർണത്തൊപ്പിയും പേരെഴുതിയ കടലാസ്‌ ബാഡ്‌ജുമണിഞ്ഞപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകവും സന്തോഷവും. ആദ്യമായി സ്കൂളിലെത്തുന്ന വിദ്യാർഥികളെയും രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ്‌ എത്തുന്നവരെയും വരവേൽക്കാൻ വർണാഭമായ സ്വീകരണമാണ്‌ സ്കൂളുകളിൽ ഒരുക്കിയത്‌.
മഴ മാറിനിന്നതിനാൽ നിറഞ്ഞ വെളിച്ചത്തിൽ പ്രവേശനോത്സവം കൂടുതൽ മനോഹരമായി. ജില്ലാ പ്രവേശനോത്സവം എറണാകുളം ഗവ. ഗേൾസ് എച്ച്‌എസ്‌എസിൽ കൊച്ചി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. 

ക്ലാസുകളിലെത്തിയ കുട്ടികൾക്ക്‌ കളറിങ് ബുക്കും ക്രയോൺസും പഠനോപകരണങ്ങളുമടങ്ങിയ സമ്മാനപ്പൊതികളും മധുരവും അധ്യാപകർ വിതരണം ചെയ്തു. കുട്ടികൾക്ക്‌ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വ്യാഴം പകൽ 12.30 വരെയായിരുന്നു ക്ലാസ്‌. വെള്ളിമുതൽ വൈകിട്ടുവരെ ക്ലാസുണ്ടാകും. ഇത്തവണ പാഠപുസ്തകവും യൂണിഫോമും സ്കൂൾ തുറക്കുംമുമ്പേ വിതരണം പൂർത്തിയാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കായ സ്കൂളുകളിലേക്കാണ്‌ കുട്ടികൾ എത്തിയത്‌. സ്കൂളുകളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടതിന്റെ സന്തോഷം അധ്യാപകരും മാതാപിതാക്കളും പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top