25 April Thursday

കരുതലും കൈത്താങ്ങും അദാലത്ത് തുണയായി ; അൽമിറയ്‌ക്കും അൽഫൈസിനും സ്‌കൂളിലെത്തി പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


കൊച്ചി
അൽമിറയ്‌ക്കും അൽഫൈസിനും ഇനി മുപ്പത്തടം ഗവ. എച്ച്‌എസ്‌എസിൽ സ്കൂളിൽ ഇരുന്ന്‌ പഠിക്കാം. പ്രവേശനോത്സവത്തിനെത്തിയ ഇരുവരെയും സ്കൂളിലേക്ക്‌ വരവേറ്റത്‌ പ്രത്യേകം നിർമിച്ച ചക്രക്കസേരകൾ നൽകിയാണ്‌. ഇനി പുതിയ കൂട്ടുകാരുമായി ഒരുമിച്ച് ആർത്തുല്ലസിച്ച്‌ പഠിക്കാം. മക്കളെക്കുറിച്ച്‌ ആശങ്കയില്ലാതെ അമ്മ തസ്നിക്ക് വീട്ടിലേക്ക് മടങ്ങാം.

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തിൽ തസ്‌നി നൽകിയ നിവേദനത്തിനാണ്‌ ഫലമുണ്ടായത്‌. സർക്കാർ കരുതലായ കാഴ്ചയാണ് വീണ്ടും കാണുന്നത്. മുപ്പത്തടം ചെറുകുളത്തിൽ സി എച്ച് തസ്‌നിയുടെ മക്കളായ അൽമിറ അഷ്റഫ്, അൽഫൈസ് അഷ്റഫ് എന്നിവർ ചെറുപ്പംമുതൽ സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതരാണ്. ചികിത്സയ്ക്ക്‌ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും കുട്ടികളെ മുപ്പത്തടം ഗവ. എച്ച്‌എസ്‌എസിൽ ഒന്നാംക്ലാസിൽ ചേർത്തു.  എസ്എംഎ രോഗികളായതിനാൽ ഇരുവർക്കും നടക്കാനും ഇരിക്കാനുമാകില്ല. അതിനാൽ മെയ്‌ 18ന്‌ ആലുവ താലൂക്ക് അദാലത്തിൽ തസ്നി മക്കളുമായെത്തി മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും കണ്ട് കുട്ടികൾക്ക്‌ ചക്രക്കസേരകൾ വേണമെന്ന്‌ അഭ്യർഥിച്ചു. വിഷയത്തിൽ ഇടപെട്ട മന്ത്രിമാർ എഡിഎം എസ് ഷാജഹാന് ഇതിനാവശ്യമായ നിർദേശം നൽകി.

ഇടപ്പള്ളി ടോൾ ജുമാ മസ്ജിദ് അധികൃതർ സ്പോൺസർമാരായി. 8000 രൂപവീതം വിലവരുന്ന കസേരകൾ അവർ വാങ്ങിനൽകി. ക്ലാസ്‌മുറിയിൽ ജനപ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ എഡിഎം കസേരകൾ കുട്ടികൾക്ക്‌ സമ്മാനിച്ചു. തൃപ്പൂണിത്തുറയിലെ സായി റിഹാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്‌ കുട്ടികളുടെ അളവ് എടുത്ത് പ്രത്യേകമായി കസേരകൾ നിർമിച്ചത്. സ്കൂളിൽ റാമ്പ് സൗകര്യമുള്ളതിനാൽ ഇരുവർക്കും ക്ലാസിലേക്ക് വരാനും പോകാനും എളുപ്പമാണ്. ആഴ്ചയിൽ രണ്ടുദിവസമാകും ഇവർ സ്കൂളിൽ വരിക. ഒരുദിവസം അധ്യാപകർ വീട്ടിലെത്തി പഠിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top