29 March Friday

ചെറുമീൻവേട്ട: ദിവസവും 
കടത്തുന്നത്‌ 2.5 ലക്ഷം ടൺ

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Feb 2, 2023

മുനമ്പം ഹാർബറിൽ വിൽപ്പനയ്‌ക്കായി വച്ചിരിക്കുന്ന ചെറുമീനുകൾ


കൊച്ചി
മുനമ്പം ഹാർബർ കേന്ദ്രീകരിച്ച്‌, നിയമം ലംഘിച്ച് പിടിക്കുന്ന ചെറുമീനുകള്‍ വില്‍ക്കുന്നത് വ്യാപകമാകുന്നു. മുനമ്പത്തെ രണ്ട് ഹാര്‍ബറുകളിലായി ദിവസം ഏക​ദേശം 2.5 ലക്ഷം ടണ്‍ ചെറുമീനുകളാണ് വില്‍പ്പനയ്ക്കെത്തുന്നത്. കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ വളംനിര്‍മാണ ഫാക്ടറികളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. കിളിമീന്‍, അരണമീന്‍, പാമ്പാട എന്നിവയാണ് പ്രധാനമായും കൊണ്ടുപോകുന്നത്.  ചെറുമീനുകളെ ഉണക്കിപ്പൊടിച്ച്‌ ജൈവവളം നിർമിക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌.

കേരള മറൈൻ ഫിഷറീസ്‌ ആക്ട്‌ പ്രകാരം നിശ്ചിത അളവിൽ താഴെയുള്ള മീനുകളെ ചെറുമീനുകളായാണ് കണക്കാക്കുന്നത്‌. ഇവയെ പിടികൂടുന്നത്‌ നിയമംമൂലം നിരോധിച്ചിരിക്കുകയാണ്‌. കിളിമീൻ ആണെങ്കിൽ 10 സെന്റീമീറ്റർ നീളത്തിൽ താഴെയുള്ളവയെ പിടികൂടുന്നത്‌ നിയമലംഘനമാണ്‌. എന്നാൽ, നിയമം ലംഘിച്ച്‌ പല ബോട്ടുകളും പിടികൂടുന്നത്‌ നാലുമുതൽ ആറ്‌ സെന്റിമീറ്റർവരെയുള്ള കിളിമീനുകളെയാണ്‌. ഇതുപോലെ ഓരോ മീനിനും അളവ്‌ നിശ്‌ചയിച്ചിട്ടുണ്ട്‌.

ചെറുമീനുകളെ പിടികൂടുന്നത്‌ വ്യാപകമായതിനാൽ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞവർഷം 20 ബോട്ടുകൾ പിടികൂടി. ജനുവരിയിൽമാത്രം മൂന്ന്‌ ബോട്ടുകൾ പിടികൂടി. പിടികൂടുന്ന ബോട്ടുകളിൽനിന്ന്‌ 2.5 ലക്ഷം രൂപയാണ്‌ പിഴയായി ഈടാക്കുന്നത്‌.

അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ബോട്ടുകളിലാണ് നിയമവിരുദ്ധമായി ഏറ്റവും കൂടുതൽ ചെറുമീന്‍ പിടിച്ചുകൊണ്ടുവന്ന്‌ മുനമ്പം ഹാർബറിൽ വിൽപ്പന നടത്തുന്നത്. കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്ന ബോട്ടുടമകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top