തൃപ്പൂണിത്തുറ
കാന നവീകരിച്ചിട്ടും ഫലമുണ്ടായില്ല, കോട്ടയ്ക്കകം–-വടക്കേക്കോട്ട റോഡ് ഇക്കുറിയും വെള്ളക്കെട്ടിലായി. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടുണ്ടാകുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന വലിയ കാന കെഎംആർഎൽ നവീകരിച്ചിരുന്നു. സ്ലാബുകൾ മാറ്റി കെട്ടിക്കിടന്ന മണ്ണും മാലിന്യങ്ങളും കോരിമാറ്റി കാനയുടെ ഉയരംകൂട്ടി സ്ലാബ് ഇടുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായി. ഇതോടെ ഇവിടത്തെ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പ്രതീക്ഷകൾക്ക് വിരുദ്ധമായി, രണ്ടുദിവസംപെയ്ത മഴയിൽ റോഡ് മുങ്ങി.
കാനയുടെ പണി നടക്കുന്ന സമയങ്ങളിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ വെള്ളം പമ്പുചെയ്ത് കളയാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളിൽ അതുമുണ്ടായില്ല. ശനി പകൽ പെയ്ത മഴയിൽ ഇവിടെ കുടുങ്ങിയ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ വെള്ളംകയറി എൻജിൻ നിലയ്ക്കുന്ന സ്ഥിതിയുണ്ടായി. കനത്ത മഴയിൽ തൃപ്പൂണിത്തുറ–- സ്റ്റാച്യു–-കോട്ടയ്ക്കകം റോഡും വെള്ളത്തിലായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം സമീപത്തെ കടകളിലേക്ക് അടിച്ചുകയറുന്ന സ്ഥിതിയാണ്. എരൂർ ആനപ്പറമ്പിനടുത്തുള്ള റോഡും പള്ളിപ്പറമ്പുകാവ് റോഡും വെള്ളക്കെട്ടിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..