കോതമംഗലം
മാമലക്കണ്ടം–-കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള യാത്ര വനംവകുപ്പ് തടഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ. വർഷങ്ങളായി പ്രദേശം കാണാൻ നിരവധി വിനോദസഞ്ചാരികൾ മേഖലയിൽ എത്തുന്നുണ്ട്. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ വനംവകുപ്പ് സംഘമെത്തി സഞ്ചാരം തടഞ്ഞത്.
ഇതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. സ്ഥലത്തെത്തിയ ആന്റണി ജോൺ എംഎൽഎ വനംവകുപ്പിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാൻ അനുവദിക്കില്ലെന്നും വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം ടൂറിസമാണെന്നും അത് തടയാൻ ആര് ശ്രമിച്ചാലും അംഗീകരിക്കില്ലെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് റോഡിലൂടെയുള്ള യാത്രയാണിപ്പോൾ വനംവകുപ്പ് തടഞ്ഞത്. എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം മടങ്ങി. സംഘർഷം മുന്നിൽക്കണ്ട് പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..