ആലുവ
റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നിരന്തര കുറ്റവാളികൾക്കെതിരെ നടത്തുന്ന "ഓപ്പറേഷൻ ഡാർക്ക് ഹണ്ട്' കൂടുതൽ ശക്തമാക്കി. ഗുണ്ട, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ ഡാർക്ക് ഹണ്ട് നടപ്പാക്കിയത്. ഇതുവഴി സെപ്തംബറിൽമാത്രം ഒമ്പതുപേർക്കെതിരെ കാപ്പ ചുമത്തി നടപടിയെടുത്തു. നാലുപേരെ ജയിലിലടച്ചു. അഞ്ചുപേരെ നാടുകടത്തി. കൊലപാതകം, കൊലപാതകശ്രമം, രാസലഹരി വിൽപ്പന കേസുകളിൽ പ്രതിയായ അയ്യമ്പുഴ ടോണി, കൊലപാതകശ്രമം, മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഞാറയ്ക്കൽ അജിത് ബാബു, മോഷണക്കേസുകളിൽ പ്രതിയായ ഷിജു കുന്നത്തുനാട് (പങ്കൻ), കൊലപാതകശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയായ അങ്കമാലിയിലെ ജോസ്ഫിൻ എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
അമൽനാഥ് (മൂവാറ്റുപുഴ), യാസർ അറാഫത്ത് (ആലുവ), ഉല്ലാസ് ഉണ്ണി (കോതമംഗലം), രപ്പൻ എന്ന രതീഷ് (ഞാറയ്ക്കൽ), ബോണി (രാമമംഗലം) എന്നിവരെയാണ് നാടുകടത്തിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളും നിരന്തര കുറ്റവാളികളുമാണിവർ. റൂറൽ എസ്‌പി വിവേക്‌കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ 88 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 67 പേരെ നാടുകടത്തി. സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരായ ഒമ്പതുപേർ പിറ്റ് എൻഡിപിഎസ് ആക്ടുപ്രകാരം ജയിലിലാണ്. കൂടുതൽ കുറ്റവാളികൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..