18 December Thursday

കാക്കിക്കുള്ളിലെ 
സ്‌നേഹത്തിന്‌ 
ഹൃദയത്തിന്റെ സല്യൂട്ട്‌

സി പ്രജോഷ്‌ കുമാർUpdated: Sunday Oct 1, 2023


കോഴിക്കോട്‌
മദ്യപാനിയെന്ന്‌ കരുതി സമൂഹം അവഗണിച്ചതിനാൽ റോഡിൽ മരിച്ചുവീഴുമായിരുന്ന ജീവിതമായിരുന്നു കൃഷ്‌ണകുമാറിന്റേത്‌. പക്ഷേ, ജീവനുവേണ്ടി പിടയുന്ന ഹൃദയവേദന പൊലീസുകാരിയായ ഹാജിറക്ക്‌ എളുപ്പം മനസ്സിലായി. നാട്ടുകാരുടെ സഹായത്തോടെ യഥാസമയം ആശുപത്രിയിൽ എത്തിച്ച്‌   ആ യുവാവിനെ ജീവിതത്തിലേക്ക്‌ മടക്കിവിളിച്ചു. ഹാജിറ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിപ്പിട്ടതോടെയാണ്‌ കാക്കിയ്‌ക്കുള്ളിലെ മനുഷ്യസ്‌നേഹത്തിന്റെ കഥ നാടറിഞ്ഞത്‌.

മലപ്പുറം ഒലിപ്രംകടവ്‌ തിരുത്തി എൽപി സ്‌കൂൾ ബസിലെ ഡ്രൈവറായ കൃഷ്‌ണകുമാറിന്‌ ഞായറാഴ്‌ച സ്‌കൂട്ടർ യാത്രക്കിടയിലാണ്‌ ഹൃദയാഘാതമുണ്ടായത്‌.  സ്‌കൂട്ടർ റോഡിന്‌ വശത്തേക്ക്‌ ഒതുക്കിയപ്പോഴേക്കും വേദന അസഹ്യമായി.  ഇരിക്കാൻപോലും സാഹസപ്പെട്ട അദ്ദേഹത്തെ കണ്ട്‌ ചുറ്റുംകൂടിയവർ മദ്യ ലഹരിയിലാണെന്ന്‌ സംശയിച്ചു. ചിലർ പൊലീസിനെ വിളിക്കുന്ന തിരക്കിലായിരുന്നു.  ഫറോക്ക്‌ പൊലീസ്‌ അസി. കമീഷണർ ഓഫീസിലെ സീനിയർ സിപിഒ ആയ ഹാജിറ  കല്ലംപാറയിൽ ഉമ്മ ആമിനക്കുട്ടിയുടെ വീട്ടിൽനിന്നും ഉച്ചഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടയിലാണ്‌ സ്ഥലത്തെത്തിയത്‌. നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ച്‌ അടുത്തുള്ള ഷിഫാ ആശുപത്രിയിൽ എത്തിച്ചു. കൈയിലുണ്ടായിരുന്ന ആരോഗ്യ ഇൻഷുറൻസ്‌ കാർഡിൽനിന്ന്‌ വിലാസം മനസ്സിലാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി.  പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരിശോധനയിൽ ഹൃദയ വാൽവിലെ തടസ്സമാണ്‌ പ്രശ്‌നമെന്ന്‌ കണ്ടെത്തി. രണ്ടു ദിവസത്തെ ചികിത്സയ്‌ക്കുശേഷം വീട്ടിലേക്കു മടങ്ങി. ഇപ്പോൾ  ജോലിക്ക്‌ പോയിത്തുടങ്ങി. ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം ഹാജിറയുടെ മനുഷ്യ സ്‌നേഹത്തിന്‌ നന്ദിപറയുകയാണ്‌. ചുങ്കം കൊടികുത്തിപറമ്പിൽ ജമാൽ അബ്ദുൾ അർസലാണ്‌ ഹാജിറയുടെ ഭർത്താവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top