20 April Saturday

കളമശേരി നഗരസഭ ; കൺസൾട്ടൻസി നിയമനത്തിൽ 
വിജിലൻസ് അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


കളമശേരി
നഗരസഭ പ്രതിപക്ഷ എതിർപ്പ് പരിഗണിക്കാതെ 2017ൽ ചതുപ്പുനിലത്ത് കൺവൻഷൻ സെന്റർ നിർമിക്കാൻ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന്‌ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിപക്ഷ അംഗങ്ങളെക്കാൾ ഭരണകക്ഷി അംഗങ്ങൾ കുറവായിരുന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷനിർദേശം സ്വീകരിക്കാൻ സഭ തയ്യാറായത്.

ലൈഫ് പദ്ധതിക്കായി ഫ്ലാറ്റ് നിർമിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ട സ്ഥലത്താണ് ഫ്ലാറ്റ് നിർമിച്ച് കോടികളുടെ അഴിമതി നടത്താൻ പദ്ധതിയിട്ടിരുന്നത്. നഗരസഭയുടെ ഉടമസ്ഥതയിൽ കിൻഫ്രയ്‌ക്കുസമീപമുള്ള അഞ്ച് ഏക്കറിൽ കൺവൻഷൻ സെന്റർ നിർമിക്കാൻ 2017-–-18ലെ ബജറ്റിൽ തീരുമാനിച്ചു. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തി. 14 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഏജൻസി തയ്യാറാക്കിയത് 22.27 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു. എസ്റ്റിമേറ്റ് തുകയുടെ 2.33 ശതമാനമായിരുന്നു കൺസൾട്ടേഷൻ ഫീസ്.

ഈ ഏജൻസി തയ്യാറാക്കിയ രൂപരേഖ പരിശോധിച്ച്‌ ഫീസായി 2,41,510 രൂപ നൽകിയിരുന്നു. സ്ഥലപരിശോധന നടത്താതെയാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ഇതിനുശേഷം നടന്ന പരിശോധനയിൽ സ്ഥലം തണ്ണീർത്തടമാണെന്നു കണ്ടെത്തി നിർമാണനീക്കം തടസ്സപ്പെട്ടു. ഏജൻസിക്ക് കൺസൾട്ടേഷൻ ഫീസ് നൽകിയതുമില്ല. തുടർന്ന് ഏജൻസി ഹൈക്കോടതി വിധി നേടി കൺസൾട്ടേഷൻ ഫീസ് 36 ലക്ഷം രൂപ ആവശ്യപ്പെട്ടു.

2018ലെ ഓഡിറ്റിൽ പരിശോധനകളൊന്നും നടത്താതെയും സർക്കാർ അനുമതി തേടാതെയും നീർത്തടഭൂമിയിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. പരിശോധനാ ഫീസ് നൽകിയതിലും ക്രമക്കേട് കണ്ടെത്തി. പ്രതിപക്ഷ പാർലമെന്ററി പാർടി നേതാവ് ടി എ അസൈനാർ ഓഡിറ്റ് രേഖ കൗൺസിൽ യോഗത്തിൽ ഹാജരാക്കി.

വിജിലൻസ് അന്വേഷണ ആവശ്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നു. എണ്ണത്തിൽ കുറവായ ഭരണകക്ഷി അംഗങ്ങൾ മിടുക്കനായ വക്കീലിനെ വച്ച് അപ്പീൽ പോകാമെന്ന് വാദിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അതോടെ ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു.
പ്രതിപക്ഷ അംഗങ്ങളായ പി എസ് ബിജു, കെ ടി മനോജ്, ബിന്ദു മനോഹരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top