28 March Thursday

തുല്യത എ പ്ലസിൽ പാസായി ;
 നീതു കോളേജിലേക്ക്‌

എ എസ് ജിബിനUpdated: Saturday Oct 1, 2022


കൊച്ചി
ഹയർ സെക്കൻഡറി തുല്യതാപരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി നീതു അശോകന് ഇനി ആലുവ യുസി കോളേജിൽ ബിഎ ഹിസ്റ്ററി പഠിക്കാം. തുല്യതാപരീക്ഷ വിജയിച്ച്, ജില്ലയിൽ ആദ്യമായി ഏകജാലക സമ്പ്രദായത്തിലൂടെ റെ​ഗുലർ കോളേജിൽ പ്രവേശനം നേടിയ രണ്ടുപേരിൽ ഒരാളാണ് നീതു. ബിരുദ പഠനത്തിനൊപ്പം സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പതുകാരി. മുപ്പത്തടം ​ഗവ. സ്കൂളിൽ സയൻസ് വിഷയത്തിൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ നീതു ഒരുവിഷയത്തിന് തോറ്റു. ആ വിഷയം എഴുതിയെടുക്കാതെ നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ചേർന്നു. കോഴ്സ് പൂർത്തിയാക്കി അഞ്ചുവർഷം വിവിധ നഴ്സറികളിൽ അധ്യാപികയായി. ഇതിനിടെയാണ്‌ മുപ്പത്തടം സ്വദേശി വി ജി ജിനീഷുമായുള്ള വിവാഹം. മകൾ ദക്ഷയ ജനിച്ചതോടെ ജോലി ഉപേക്ഷിച്ചു. ഈ സമയത്താണ്‌ തുല്യതാ പഠനക്ലാസിനെക്കുറിച്ച്‌ അറിഞ്ഞത്‌. പ്രേരക് വി വി സിനിയോട് കാര്യംപറഞ്ഞതോടെ ഏലൂർ ​ഗവ. സ്കൂളിലേക്ക് പഠനത്തിനായി ക്ഷണിച്ചു.

പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന 35 പേർക്കൊപ്പം ഹ്യുമാനിറ്റീസ് വിഷയത്തിൽ പഠനം ആരംഭിച്ചു. പ്ലസ്‌വൺ മുഴുവൻ മാർക്കോടെ എ പ്ലസ് നേട്ടം. എന്നാൽ, മകൻ ദേവാനന്ദിനെ ഗർഭം ധരിച്ചതോടെ മുപ്പത്തടത്തുനിന്ന് ഏലൂർ ​ഗവ. സ്കൂളിലെത്തിയുള്ള പഠനം ബുദ്ധിമുട്ടായി. ഭർത്താവ് ജിനീഷും അധ്യാപകരും സഹപാഠികളും പൂർണ പിന്തുണ നൽകി. യുട്യൂബ് ക്ലാസുകളും തുണയായി. പ്ലസ്‌ടു ഫലം വന്നപ്പോൾ ജില്ലയിൽനിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ രണ്ടുപേരിൽ ഒരാളായി നീതു. ഏലൂർ ​സ്കൂളിൽ നീതുവിനൊപ്പം പരീക്ഷയെഴുതിയ പി എസ് സഹീറയാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റൊരാൾ. സഹീറയ്ക്ക് തൃക്കാക്കര ഭാരത്‌മാതാ കോളേജിൽ ബിഎ ഇം​ഗ്ലീഷിനാണ് പ്രവേശനം ലഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top