19 April Friday
വെൽഫെയർ പാർടി ജമാഅത്തിന്റെ രാഷ്ട്രീയ ചട്ടുകം , ഇവരുമായുള്ള ഏത്‌ നീക്കുപോക്കും ‌സ്വയം കുളംതോണ്ടുന്നത്

തീവ്രവാദികൾക്കുവേണ്ടി ‌വാതിൽ തുറക്കരുത്‌ ; ലീ​ഗിന്‌ മുന്നറിയിപ്പുമായി സമസ്ത

പി വി ജീജോUpdated: Thursday Jul 2, 2020


കോഴിക്കോട്‌
പഞ്ചായത്ത് ‌തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ്‌ തീവ്രവാദികൾക്ക്‌ മുഖ്യധാരയിലേക്ക്‌ വാതിൽ തുറന്നുകൊടുക്കരുതെന്ന്‌ സമസ്‌ത. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമായ വെൽഫെയർ പാർടിയുമായുണ്ടാക്കുന്ന ഏത്‌ നീക്കുപോക്കും സ്വയം കുളംതോണ്ടുന്നതിന്‌ തുല്യമാണ്‌. ഫാസിസ്‌റ്റുകൾക്ക്‌ പാൽപ്പായസമാകുന്നതാണീ കൂട്ടുകെട്ട്‌. നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിനുവേണ്ടി സദാചാരവും ധർമവും ലീഗ്‌ മറക്കരുതെന്നും സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) വ്യക്തമാക്കി.
മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെയാണ്‌ ജമാഅത്തെ ഇസ്ലാമി –- ലീഗ്‌ ബാന്ധവത്തെ തുറന്നെതിർത്തുള്ള വെളിപ്പെടുത്തൽ. സമസ്‌ത മുശാവറ അംഗം ഉമർഫൈസി മുക്കമാണ്‌ ‘മതമൗലികവാദ കൂട്ടുകെട്ട്‌ സമതുലിതാവസ്ഥ തകർക്കും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ നിലപാട്‌ പ്രഖ്യാപിച്ചത്‌.

അടുത്ത ദിവസം സമസ്‌ത ഉന്നതാധികാരസമിതിയായ ‌മുശാവറ (പണ്ഡിതസഭ) ചേരാനിരിക്കെയുള്ള പരസ്യമായ വിമര്‍ശനത്തിന് വലിയ പ്രാധാന്യമുള്ളതായി ഇ കെ വിഭാഗം നേതാക്കൾ സൂചിപ്പിക്കുന്നു.  ജമാഅത്ത്‌ വിദ്യാർഥി സംഘടന എസ്ഐഒയുടെ ആശയഅടിവേര്‌ സിയോണിസത്തിലാണെന്ന്‌ ഇ കെ അബൂബക്കർ മുസ്ല്യാർ കോഴിക്കോട്‌ മഹാസമ്മേളനത്തിൽ നൽകിയ മുന്നറിയിപ്പും ലേഖനം ലീഗ്‌ ‌നേതൃത്വത്തെ ഓർമിപ്പിക്കുന്നുണ്ട്‌ .  


 

ലേഖനത്തിൽ നിന്ന്‌:
‘‘ജമാഅത്തെ ഇസ്ലാമി അന്തർദേശീയ മാനമുള്ള മത–-രാഷ്‌ട്രീയ സംഘടനയാണ്‌. ഭരണവും രാഷ്‌ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട്‌ സഹിഷ്‌ണുത കാണിക്കാത്ത വംശീയ–-വർഗീയ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്‌ട്രീയ സംഘടനയാണ്‌ ഇസ്ലാമെന്ന്‌ വരുത്തി തീർക്കാനാണ്‌ ജമാ അത്തെ ഇസ്ലാമി ശ്രമം‌. വെൽഫെയർപാർടിയുടെ രാഷ്‌ട്രീയം പൊതുസമൂഹത്തിന്‌ ബോധ്യം ഇല്ലാത്തതും ജനാധിപത്യ ഭൂമിക്ക്‌ കനത്ത പ്രഹരം ഏൽപ്പിക്കുന്നതുമാണ്‌. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവരുടെ രംഗപ്രവേശം ഇതര സമൂഹങ്ങളിൽ സംശയങ്ങൾ ഉണർത്തിയിട്ടുണ്ട്. വിദ്യാസമ്പന്നരും രാഷ്‌ട്രീയ അവബോധമുള്ളവരും അപകടം തിരിച്ചറിഞ്ഞ്‌ ഉചിതമായ നിലപാടുകൾ സ്വീകരിക്കണം’’.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top