26 April Friday

സ്വർണ വിൽപ്പന തകൃതി , നികുതി എവിടെ ; അനധികൃത മേഖലയിൽ വർഷം രണ്ടുലക്ഷം കോടി രൂപയുടെ സ്വർണ വ്യാപാരം

ജി രാജേഷ്‌ കുമാർUpdated: Thursday Jun 1, 2023


തിരുവനന്തപുരം
മിന്നുന്നതെല്ലാം പൊന്നല്ലെന്ന്‌ പഴമക്കാർ പറയും. ആകർഷകമെന്ന്‌ തോന്നിപ്പിക്കുന്ന പലതും നമ്മെ വഞ്ചിച്ചേക്കാമെന്ന സൂചനയാണ്‌ ഈ ചൊല്ലിലുള്ളത്‌. എന്നാൽ, കേരളത്തിൽ മിന്നുകപോലും ചെയ്യാത്ത പലതും പൊന്നായി മാറുന്ന കാഴ്‌ചയാണ്‌ സ്വർണ വിപണിയിൽ നടക്കുന്നത്‌. നികുതി വെട്ടിച്ചുള്ള സ്വർണം വിൽക്കലും വാങ്ങലും ചെന്നെത്തുക വലിയ അപകടത്തിലേക്കാകും.

വേൾഡ്‌ ഗോൾഡ്‌ കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ്‌ ആൻഡ്‌ ട്രേഡ്‌ റിപ്പോർട്ട്‌ പ്രകാരം ലോക സ്വർണ വിപണിയിൽ രണ്ടാംസ്ഥാനമാണ്‌ ഇന്ത്യക്ക്‌. 2022ൽ മാത്രം ഇറക്കുമതി ചെയ്‌തത്‌ 611 ടൺ സ്വർണമാണ്‌. ഒന്നാംസ്ഥാനത്തുള്ള ചൈന ഇറക്കിയത്‌ 673 ടണ്ണും. കള്ളക്കടത്ത്‌ സ്വർണം കൂടി ചേർത്താൽ ഇന്ത്യൻ വിപണിയുടെ വാർഷിക വലുപ്പം ആയിരം ടൺ കവിയും. ഇതിന്റെ സിംഹഭാഗവും കേരളത്തിലേക്കാണ്‌ ഒഴുകുന്നത്‌. ഇത്‌  വെളിപ്പെടുത്തുന്നതാണ്‌ 2020ലെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈഷസേഷന്റെ ഉപഭോക്തൃ സർവേ റിപ്പോർട്ട്‌. കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ സ്വർണം വാങ്ങാനുള്ള പ്രതിമാസ ആളോഹരി ചെലവ്‌ 209 രൂപയാണ്‌. രണ്ടാംസ്ഥാനത്തുള്ള ഗോവയിലിത്‌ 34 രൂപമാത്രം. തമിഴ്‌നാട്ടിൽ 22 ഉം. നഗര മേഖലയിലും കേരളമാണ്‌ മുന്നിൽ. 190 രൂപ. എന്നാൽ, ഇതൊന്നും സംസ്ഥാനത്തിന്റെ നികുതി വകുപ്പിന്റെ കണക്കുമായി ഒരിക്കലും യോജിക്കാറില്ല.

ജിഎസ്‌ടി വകുപ്പിന്റെ കണക്കനുസരിച്ച്‌ 2021–-22ൽ സംസ്ഥാനത്ത്‌ നികുതി ഒടുക്കിയ സ്വർണത്തിന്റെ വിറ്റുവരവ്‌ 37,394 കോടി രൂപയാണ്‌. 2020–-21ൽ ഇത്‌ 32,443 കോടിയായിരുന്നു. ജിഎസ്‌ടിക്കുമുന്നേ മൂല്യവർധിത നികുതി കാലത്ത്‌ ശരാശരി വാർഷിക വിറ്റുവരവ്‌ 40,000 കോടി രൂപയായിരുന്നു. കേരളത്തിൽ അനധികൃത മേഖലയിൽ വർഷം രണ്ടുലക്ഷം കോടി രൂപയുടെ സ്വർണ വ്യാപാരം നടക്കുന്നെന്നാണ്‌ കേരള ജ്വല്ലേഴ്‌സ്‌ അസോസിയേഷൻസ്‌ കോ ഓർഡിനേഷൻ കമ്മിറ്റി അവകാശപ്പെടുന്നത്‌. 2021-–-22 ലെ വാർഷിക വിറ്റുവരവ് 1,01,668.96 കോടി രൂപയാണെന്ന്‌ ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്സ് അസോസിയേഷനും പറയുന്നു. അഞ്ചുവർഷത്തെ ശരാശരി വില 44,659 രൂപയായിട്ടും കഴിഞ്ഞവർഷം 37,394 കോടി രൂപയുടെ നികുതി മാത്രമാണ്‌ ഈ മേഖലയിൽനിന്ന്‌ ലഭിച്ചത്‌.

കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർത്തിയതും ജിഎസ്‌ടിയിൽ സ്വർണത്തിന്‌ ഈവേ ബിൽ ഒഴിവാക്കിയതും കള്ളക്കടത്തുകാർക്ക്‌ ചാകരയായി. കേന്ദ്ര ഏജൻസികൾ സുരക്ഷ ഒരുക്കുന്ന വിമാനത്താവളം, തുറമുഖം, ട്രെയിൻ വഴിയെല്ലാം കണക്കില്ലാത്ത സ്വർണമാണ്‌ ഒഴുകുന്നത്‌. എന്നിട്ടും കേന്ദ്ര ഏജൻസികൾ കൈയുംകെട്ടിനിൽപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top