20 April Saturday

പാടി, പഠിച്ച്‌ പറന്നുയരാം ; കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്കുളുകൾ

സ്വന്തം ലേഖികUpdated: Thursday Jun 1, 2023

പ്രവേശനോത്സവത്തിന് കുരുന്നുകളെ വരവേൽക്കാനായി ഗവ. ഗേൾസ് എൽപി സ്കൂൾ ഒരുക്കുന്ന പൂർവവിദ്യാർഥികൾ


കൊച്ചി
"പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം, അക്ഷരങ്ങൾ കോർത്തു നമുക്കൂഞ്ഞലാടാം' പ്രവേശനോത്സവ ഗാനത്തിന്റെ താളത്തിനൊപ്പം കുരുന്നുകളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. രണ്ടുമാസത്തെ അവധിക്ക്‌ വിട. വീണ്ടും പഠനകാലം തുടങ്ങുകയായി.ഒന്നുമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികളും ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ വിഭാഗങ്ങളിലെ രണ്ടാംവർഷ വിദ്യാർഥികളുമാണ്‌ വ്യാഴാഴ്‌ച സ്കൂളിലെത്തുന്നത്‌. 15,734 കുട്ടികളാണ്‌ ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേക്ക്‌ പ്രവേശനം നേടിയത്‌. ജില്ലാ പ്രവേശനോത്സവം രാവിലെ 10ന്‌ എറണാകുളം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. ടി ജെ വിനോദ്‌ എംഎൽഎ അധ്യക്ഷനാകും. ഗ്രീൻ ക്യാമ്പസ്‌, ക്ലീൻ ക്യാമ്പസ്‌ പദ്ധതി പ്രഖ്യാപനവും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്‌ഘാടനവും നടക്കും. കുട്ടികൾക്ക്‌ പഠനോപകരണങ്ങളും വിതരണം ചെയ്യും.

പുതുതായെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ഒരോ സ്കൂളും ഒരുങ്ങി. കുട്ടികൾക്ക്‌ സമ്മാനപ്പൊതികളും പുസ്തകങ്ങളും മധുരവും നൽകും. ക്ലാസ്‌ മുറികൾ കടലാസുപൂക്കൾകൊണ്ടും തോരണങ്ങൾ കെട്ടിയും അലങ്കരിച്ചു. ഭിത്തികളിൽ ചിത്രങ്ങൾ വരച്ച്‌ മനോഹരമാക്കി. 28നകം സ്കൂളുകളിൽ നവീകരണവും ശുചീകരണവും പൂർത്തിയാക്കിയിരുന്നു. സ്കൂളും പരിസരവും, കുടിവെള്ളസംഭരണി, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിച്ച്‌ അണുവിമുക്തമാക്കി. കെട്ടിടങ്ങളുടെയും ബഞ്ച്‌, ഡസ്‌ക്‌ എന്നിവയുടെയും അറ്റകുറ്റപ്പണികളും പൂർത്തിയായി. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌, സ്കൂൾ ബസുകളുടെ പരിശോധന എന്നിവയും നടന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ. ജില്ലയിൽ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം ബുധനാഴ്‌ച പൂർത്തിയായതായി ഡിഡിഇ ഹണി ജി അലക്‌സാണ്ടർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top