26 April Friday

‘വൃത്തിയുള്ള വൈപ്പിൻ’
 യാഥാർഥ്യത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


വൈപ്പിൻ
നിയോജകമണ്ഡലത്തെ സമ്പൂർണ ശുചിത്വഗ്രാമമാക്കാൻ ലക്ഷ്യമിട്ട് അഞ്ചുമാസംമുമ്പ് തുടങ്ങിയ "വൃത്തിയുള്ള വൈപ്പിൻ’ക്യാമ്പയിൻ ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണെന്ന് മാലിന്യസംസ്കരണ അവലോകനയോഗം വിലയിരുത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജൂൺ അഞ്ചിന് സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്ന പഞ്ചായത്തുകൾക്ക് പുരസ്കാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജൈവമാലിന്യസംസ്കരണത്തിന് ബയോബിന്നുകൾ പഞ്ചായത്തുകൾക്ക് നൽകും.

മണ്ഡലത്തിലെ കൂന കൂടിയതും തോടുകളിലും ജലാശയങ്ങളിലും അടിഞ്ഞതുമായ മാലിന്യങ്ങളും പൊതുജനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തുകൾ നീക്കം ചെയ്തതായി യോഗത്തിൽ വ്യക്തമാക്കി. ഹരിതകർമസേനയും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും ശുചീകരണത്തിൽ പങ്കെടുത്തു.

കുഴുപ്പിള്ളി പഞ്ചായത്ത് കഴിഞ്ഞദിവസം വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകളായ പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നിവിടങ്ങളിൽ എല്ലാം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി മുഖ്യപ്രഭാഷണം നടത്തി. കർമപരിപാടി നവകേരളം റിസോഴ്സ് പേഴ്സൺ പി ജി മനോഹരൻ അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, അസീന അബ്ദുൾ സലാം, കെ എസ് നിബിൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ സാജിത്, സിഐ കെ എൽ യേശുദാസ്, നവകേരളം കർമപദ്ധതി സീനിയർ റിസോഴ്സ് പേഴ്സൺ എം കെ ദേവരാജൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top