29 March Friday

മാലിന്യനീക്കം നിലച്ചു ; തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


തൃക്കാക്കര
മാലിന്യനീക്കം നിലച്ചതോടെ നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. വിവിധ വാർഡുകളിൽനിന്ന്‌ കൊണ്ടുവന്ന മാലിന്യ കവറുകളുമായാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്‌. പ്രതിഷേധം ഭയന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഓഫീസിലെത്തിയില്ല. നഗരസഭാ ഓഫീസിനുമുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞെങ്കിലും മാലിന്യ കവറുകളുമായിയെത്തിയ സമരക്കാർ അധ്യക്ഷയുടെ ഓഫീസിലെ വാതിലിൽ കവറുകൾ കെട്ടിത്തൂക്കി. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറെ മണിക്കൂറുകളോളം കൗൺസിലർമാർ ഉപരോധിച്ചു. നഗരസഭയിൽ ബയോ ബിൻ വിതരണം പൂർത്തിയായിട്ടില്ലെന്നും മുൻകൂർ പണമടച്ച എല്ലാവർക്കും ഇതുവരെ ബിൻ കിട്ടിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു. മാലിന്യനീക്കം നിലച്ചതിനെത്തുടർന്ന് റോഡുകളിലും വീടുകളിലും കുന്നുകൂടിയ മാലിന്യംമൂലം നഗരസഭയിൽ സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ടെൻഡർ വിളിച്ചശേഷം മാലിന്യം തൂക്കി കമ്പനികൾക്ക് നൽകാൻ കരാറുണ്ടാക്കാനുള്ള നീക്കം അഴിമതിയാണന്ന് എം കെ ചന്ദ്രബാബു പറഞ്ഞു. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് നീക്കി. പി സി മനൂപ്, ജിജോ ചിങ്ങത്തറ, അജുന ഹാഷിം, ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

തൃക്കാക്കര നഗരസഭയിലെ വീടുകളിലും തെരുവുകളിലുംനിന്നുള്ള മാലിന്യനീക്കം നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. അനുയോജ്യമായ സ്ഥലം കണ്ടെത്തി തൽക്കാലത്തേക്ക് മാലിന്യം കുഴിച്ചുമൂടാനുള്ള സർവകക്ഷിയോഗ തീരുമാനവും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാലിന്യസംസ്കരണത്തിന് ഉടൻ പരിഹാരം കാണണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top